ഷാര്‍ജയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവാസികളെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിക്കും

Posted on: April 24, 2015 2:00 pm | Last updated: April 24, 2015 at 2:04 pm

ഷാര്‍ജ: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ യോഗ്യരായ പ്രവാസികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിറക്കി. നിയമം ഉടന്‍ പ്രാബല്യത്തിലാവുമെങ്കിലും മതിയായ യോഗ്യതയുള്ള സ്വദേശികളോ, സ്വദേശി വനിതകളില്‍ ജനിച്ച കുട്ടികളോ ഇല്ലെങ്കില്‍ മാത്രമേ പ്രവാസികള്‍ക്ക് ഇത്തരം തസ്തികകളില്‍ നിയമനം നല്‍കാവുവെന്നും ശൈഖ് സുല്‍ത്താന്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷാര്‍ജ സര്‍ക്കാറിന്റെ മനുഷ്യ വിഭവ വിഭാഗത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാവും ഷാര്‍ജ എക്‌സി ക്യൂട്ടീവ് കൗണ്‍സില്‍ ഇതിനുള്ള അനുമതി നല്‍കുക. പുതിയ നിയമത്തിന്റെ പരിധിയില്‍ പാര്‍ട് ടൈം ജോലികളും ഉള്‍പെടുത്തിയിട്ടുണ്ട്.