കെട്ടിട വാടക നിയന്ത്രണ ബില്‍ പാസാക്കണമെന്ന് ഉടമകള്‍

Posted on: April 24, 2015 11:27 am | Last updated: April 24, 2015 at 11:27 am

മഞ്ചേരി: ധനമന്ത്രി കെ എം മാണി 2013ല്‍ രൂപം നല്‍കി 2014ല്‍ ഭേദഗതികള്‍ വരുത്തിയ കെട്ടിട വാടക നിയന്ത്രണ കരട് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കണമെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കെട്ടിടം ഒരിക്കല്‍ വാടകക്ക് കൊടുത്താല്‍ പിന്നീട് വാര്‍ഷിക വാടക വര്‍ധന സാധ്യമാകുന്നില്ല. വാടകക്കാര്‍ കീഴ്‌വാടകക്ക് നല്‍കി ലാഭമുണ്ടാക്കുന്നു. കെട്ടിടം ഒഴിഞ്ഞ് കിട്ടാന്‍ ഭീമമായ സംഖ്യ നല്‍കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ബില്‍ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു. സംസ്ഥാനത്തെ ഒരു വിഭാഗം വ്യാപാരികള്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നതാണ് അധികൃതരെ പിന്നോട്ടു വലിക്കുന്നതെന്ന് കെട്ടിട ഉടമകള്‍ പറയുന്നു.
കെട്ടിടം വാടകക്ക് നല്‍കുമ്പോള്‍ കരാര്‍ ഉണ്ടാക്കി രജിസ്റ്റര്‍ ചെയ്താല്‍ നിയമത്തിന്റെ പിന്‍ബലം ഉണ്ടാകും. രണ്ടായിരം ചതുരശ്ര അടി വരെയുള്ള വീടുകളുടെ നികുതി വര്‍ധനവ് പിന്‍വലിക്കുകയും 660 ചതുരശ്ര അടി വരെയുള്ള വീടുകളുടെ നികുതി ഒഴിവാക്കുകയും ചെയ്ത സര്‍ക്കാര്‍ തീരുമാനത്തെ കെട്ടിട ഉടമകള്‍ അഭിനന്ദിച്ചു. കെട്ടിട ഉടമയുടെ സമ്മത പത്രം ഉണ്ടെങ്കില്‍ മാത്രമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് പുതുക്കി നല്‍കാവൂ.
പ്രതിവര്‍ഷം 15 ശതമാനം വാടക വര്‍ധനവ് അനുവദിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഡ്വ. യു എ ലത്തീഫ്, സലീം കാരാട്ട്, മുഹമ്മദ് ഇസ്മായില്‍ എന്ന മാനു, അവുലന്‍ അബ്ദുല്ല, കെ കെ ബി ഉസ്മാന്‍, ഹസ്സന്‍ മാസ്റ്റര്‍, ജാഫര്‍ താനൂര്‍, സി സി ചേക്കു പങ്കെടുത്തു. ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷന്‍ നാളെ ഉച്ചതിരിഞ്ഞ് മൂന്നിന് മഞ്ചേരി വുഡ്‌ബൈന്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. എം എല്‍ എമാരായ എം ഉമ്മര്‍, പി കെ ബശീര്‍, ഡോ. കെ ടി ജലീല്‍, പി ഉബൈദുല്ല എന്നിവര്‍ പങ്കെടുക്കും.