ഒറ്റയടിക്ക് 120 ബ്ലാക്ക് പോയന്റ് യുവാവിന്റെ ലൈസന്‍സ് പോലീസ് പിന്‍വലിച്ചു

Posted on: April 23, 2015 5:41 pm | Last updated: April 23, 2015 at 5:41 pm

ദുബൈ: ഗുരുതര നിയമലംഘനങ്ങള്‍ തുടര്‍ച്ചയായി ചെയ്ത് ഒറ്റയടിക്ക് 120 ബ്ലാക്ക് പോയന്റ് ലഭിച്ച യുവാവിനെതിരെ കടുത്ത നടപടി സ്വീകരിച്ച ദുബൈ പോലീസ് നിയമത്തിനുമീതെ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

അല്‍ മര്‍മം, അല്‍ അവീര്‍ എന്നിവിടങ്ങളില്‍ പൊതു നിരത്തുകളില്‍ അപകടകരമാംവിധം വാഹനം കൊണ്ട് അഭ്യാസം കാണിച്ച യുവാവിനെയാണ് പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. അഭ്യാസം ശ്രദ്ധയില്‍പെട്ട ഒരാള്‍ അറിയിച്ചതനുസരിച്ചാണ് സ്ഥലത്ത് പോലീസെത്തിയത്. പൊതുനിരത്തില്‍ അഭ്യാസം കാണിച്ച യുവാവ് പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയപ്പോള്‍ പിടികൊടുക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
നിരവധി തവണ പിന്തുടര്‍ന്ന് നിര്‍ത്താനാവശ്യപ്പെട്ടിട്ടും പോലീസിനു വഴങ്ങാത്ത യുവാവിനെ കൂടുതല്‍ പോലീസ് വാഹനങ്ങളെത്തിയാണ് പിടികൂടിയത്. പൊതുനിരത്തില്‍ അഭ്യാസം കാണിച്ചതിനു പുറമെ നമ്പര്‍ പ്ലേറ്റില്ലാതെ വാഹനമോടിക്കുക, നിരോധിക്കപ്പെട്ട അളവില്‍ വാഹനത്തിന്റെ ഗ്ലാസുകള്‍ കറുത്ത ഫിലിം കൊണ്ട് മറക്കുക, പോലീസ് നിര്‍ത്താനാവശ്യപ്പെട്ടിട്ടും നിര്‍ത്താതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഒറ്റയടിക്ക് 120 ബ്ലാക്ക് പോയന്റുകള്‍ക്ക് കാരണമായ നിയമലംഘനങ്ങള്‍ നടത്തിയ യുവാവിന്റെ ലൈസന്‍സ് പോലീസ് പിന്‍വലിച്ചു. 24 ബ്ലാക്ക് പോയിന്റ് പൂര്‍ത്തിയായാല്‍ രണ്ടുവര്‍ഷത്തേക്ക് ലൈസന്‍സ് കണ്ടുകെട്ടുമെന്നാണ് നിലവിലുള്ള ട്രാഫിക് നിയമം. നിയമ ലംഘനത്തിലും ബ്ലാക്ക് പോയന്റ് സമ്പാദിക്കുന്നതിലും റെക്കോര്‍ഡിട്ട യുവാവ് ഏതു നാട്ടുകാരനാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.