Connect with us

Editorial

സ്വാഭാവിക നീതി നിഷേധിക്കരുത്

Published

|

Last Updated

“രാജ്യത്ത് ജഡ്ജിമാര്‍ക്ക് തന്നെ നീതി ലഭിക്കാത്ത അവസ്ഥ ഉണ്ടായാല്‍ ജുഡീഷ്യറിയുടെ ഭാഗമാകാന്‍ ആരാണ് താത്പര്യപ്പെടുക” -ചോദ്യം കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എച്ച് വഗേലയുടെതാണ്. സ്ഥാനക്കയറ്റത്തിന് സര്‍വയോഗ്യതയുമുള്ള ഒരു ജഡ്ജിയെ, എന്ത് അപരാധമാണ് അദ്ദേഹം ചെയ്തതെന്ന് അറിയിക്കാതെ എങ്ങനെ സ്ഥാനക്കയറ്റം നിഷേധിക്കും? പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയോഗിക്കാന്‍ പരിഗണിച്ചിരുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ എല്‍ മഞ്ജുനാഥിന്റെ കാര്യത്തിലാണ് സുപ്രിം കോടതി കൊളീജിയം പത്ത് മാസക്കാലമായിട്ടും തീരുമാനമെടുക്കാതിരുന്നത്. ഇത് ഒരു മുതിര്‍ന്ന, യോഗ്യനായ, ആര്‍ജവമുള്ള, സത്യസന്ധനായ ജഡ്ജിക്ക് സ്വാഭാവിക നീതി നിഷേധിക്കലാണ്. ഏതായാലും ഇനി കൊളീജിയമില്ല. ജുഡീഷ്യല്‍ നിയമന കമ്മീഷനാണ് പുതിയ സംവിധാനം. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നു കഴിഞ്ഞു. ഒരു ജഡ്ജിക്ക് തന്നെ നീതി ലഭിക്കുന്നില്ലെന്ന അവസ്ഥ ലജ്ജാകരമാണ്. ബന്ധപ്പെട്ടവരെല്ലാം ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണം.
14 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന ജസ്റ്റിസ് മഞ്ജുനാഥിന് യാത്രയയപ്പ് നല്‍കാന്‍ ബംഗളൂരുവില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഗേല നീതി നിഷേധത്തിനെതിരെ പൊട്ടിത്തെറിച്ചത്. അപവാദ പ്രചാരണത്തിനും സ്വഭാവഹത്യ നടത്താനുമായി മാത്രം പുറത്തിറക്കുന്ന തരംതാണ ഒരു പ്രസിദ്ധീകരണത്തിന്റെ പ്രചാരവേലയില്‍ കടുങ്ങിപ്പോകുന്നത് നീതിപീഠത്തിനാകെ അപമാനമാണെന്നും ജസ്റ്റിസ് വഗേല പറഞ്ഞു. 14 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് മഞ്ജുനാഥ്, തനിക്കെതിരെ നടക്കുന്ന “വേട്ട”ക്ക് പിന്നില്‍ സുപ്രിം കോടതിയിലെ ഒരു ജഡ്ജിയും ബന്ധുക്കളുമാണെന്ന് യാത്രയയപ്പ് ചടങ്ങില്‍ വെളിപ്പെടുത്തുമ്പോള്‍ അദ്ദേഹം പൊട്ടിത്തെറിക്കുകയായിരുന്നു. “ഇത്രയും കാലം നുണപ്രചാരണത്തോട് പ്രതികരിക്കാതിരുന്നത് ജുഡീഷ്യല്‍ അച്ചടക്കത്തിന് സ്വയം വിധേയനായതിനാലാണ്. സര്‍വീസില്‍ നിന്നു പിരിയുമ്പോഴെങ്കിലും ഇതെല്ലാം തുറന്നുപറഞ്ഞില്ലെങ്കില്‍ താന്‍ അപരാധിയാണെന്നായിരിക്കും പൊതുജനം വിലയിരുത്തുക -യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹത്തിന് പലപ്പോഴും കണ്ഠമിടറി. സ്ഥാനക്കയറ്റത്തിനായി തന്നെ പരിഗണിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഡല്‍ഹിയിലെ ഒരു ഡോക്ടര്‍ തനിക്കെതിരെ സാമ്പത്തിക കുറ്റങ്ങള്‍ ആരോപിച്ച് പരാതി നല്‍കി. ചീഫ് ജസ്റ്റിസ് ആരോപണം സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണങ്ങളെല്ലാം നുണയാണെന്ന് തെളിഞ്ഞു. സ്ഥാനക്കയറ്റത്തിന് മഞ്ജുനാഥിനെ പരിഗണിക്കാമെന്ന് ശിപാര്‍ശ ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ കൊളീജിയത്തിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ പോയ അതേവേഗത്തില്‍ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് ലോധക്ക് തന്നെ തിരിച്ചുകിട്ടി. ചുരുക്കത്തില്‍ ജസ്റ്റിസ് മഞ്ജുനാഥിന് അവകാശപ്പെട്ട സ്ഥാനക്കയറ്റം “നിയമത്തിന്റേയും നീതിയുടേയും കാവലാളന്മാരായ” ഒരു സംഘം അട്ടിമറിച്ചു.
ജസ്റ്റിസ് മഞ്ജുനാഥ് പ്രശ്‌നത്തില്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എച്ച് വഗേല നടത്തിയ കടുത്ത ഭാഷയിലുള്ള വിമര്‍ശം അതീവ ഗൗരവമുള്ളതാണ്. സ്വഭാവഹത്യ ശീലമാക്കിയ ഒരു മഞ്ഞപ്രസിദ്ധീകരണത്തില്‍ വന്ന ആരോപണങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് പ്രവര്‍ത്തിച്ചവര്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തന്നെ കളങ്കപ്പെടുത്തുകയായിരുന്നുവെന്നാണ് ജസ്റ്റിസ് വഗേല നിരീക്ഷിച്ചത്. ഹൈക്കോടതി, സുപ്രിം കോടതി ജഡ്ജിമാരുടെ നിയമനത്തിന് ഉത്തരവാദപ്പെട്ട കൊളീജിയത്തിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍ക്കും സംശയം ജനിക്കാം. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഗേല പ്രകടിപ്പിച്ച വികാരവും, ജസ്റ്റിസ് മഞ്ജുനാഥ് ആണയിടുന്ന മൂല്യങ്ങളേയും മുഖവിലക്കെടുക്കാമെങ്കില്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. ജസ്റ്റിസ് മഞ്ജുനാഥിനെ നിരന്തരം വേട്ടയാടിയവര്‍ പറയുന്നതാണ് ശരിയെങ്കില്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്തണം. കള്ളനാണയങ്ങളെ തുറന്നുകാണിക്കണം. ജുഡീഷ്യറിയിലെ ഉന്നത സ്ഥാനങ്ങളിലേക്കുള്ള നിയമനത്തിനുള്ള കൊളീജിയത്തിന് ജസ്റ്റിസ് മഞ്ജുനാഥിന്റെ സ്ഥാനക്കയറ്റകാര്യത്തില്‍ പത്ത് മാസം പിന്നിട്ടിട്ടും ഒരു തീരുമാനമെടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. അതിരുവിട്ട ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ പേരില്‍ പലപ്പോഴും കോടതികള്‍ വിമര്‍ശിക്കപ്പെടാറുണ്ടെങ്കിലും നീതിയും നിയമവും നടപ്പാക്കിക്കിട്ടാനുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് പലപ്പോഴും താങ്ങും തണലുമാകുന്നത് ജുഡീഷ്യറി തന്നെയാണ്. അതില്‍ കള്ള നാണയങ്ങള്‍ക്ക് സ്ഥാനമില്ല.

Latest