സോളാര്‍ കേസ്: സാമ്പത്തിക തിരിമറിയില്‍ മുഖ്യമന്ത്രിക്കും പങ്കെന്ന് പി സി ജോര്‍ജ്

Posted on: April 22, 2015 3:47 pm | Last updated: April 22, 2015 at 11:48 pm

pc georgeകൊച്ചി: സോളാര്‍ കേസില്‍ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താതെ അട്ടിമറിച്ചത് മജിസ്‌ട്രേറ്റ് എന്‍ വി രാജുവും നിയമ സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും ചേര്‍ന്നാണെന്ന് സോളാര്‍ കമീഷന്‍ മുമ്പാകെ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് മൊഴി നല്‍കി. ജോസ് കെ മാണിയുടെയും ഒരു യുവ എം എല്‍ എയുടേയും പേര് സരിത പറഞ്ഞ് തുടങ്ങിയപ്പോഴേ തന്നെ ഇത് രേഖപ്പെടുത്തിയാലുണ്ടാകാവുന്ന പ്രത്യാഘാതം ഭയന്ന് മജിസ്‌ട്രേറ്റ് നിയമ സെക്രട്ടറിയുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് സരിതയുടെ രഹസ്യമൊഴി സംബന്ധിച്ച് മജിസ്‌ട്രേറ്റ് നല്‍കിയ വിവരം നിയമ സെക്രട്ടറി എ ജിയെ അറിയിക്കുകയും തുടര്‍ന്ന് മൂവരും ചേര്‍ന്ന് മൊഴി അട്ടിമറിക്കുകയുമായിരുന്നുവെന്നും സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ പി സി ജോര്‍ജ് മൊഴി നല്‍കി.
കാബിനറ്റ് നോട്ടാക്കാതെയും അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെയും നിയമ സെക്രട്ടറിയെ നിയമിച്ചത് തന്നെ സോളാര്‍ കേസ് അട്ടിമറിക്കാനാണ്.
കരുണാകരന്റെ പാവം പയ്യന്‍ എന്നറിയപ്പെട്ടിരുന്ന സി എല്‍ ആന്റോ സമര്‍പ്പിച്ച 1,60,000 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് ഒരു ഭാഗമെടുത്താണ് സോളാര്‍ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വഴിയൊരുക്കിയത്. സി എല്‍ ആന്റോ ചെയര്‍മാനായ സഹകരണ സംഘത്തിന് നടത്തിപ്പ് അംഗീകാരം നല്‍കാമെന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കിയ ശേഷം ആന്‍േറാ സമര്‍പ്പിച്ച പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, ആര്യാടന്‍ മുഹമ്മദ്, ആന്‍േറാ ആന്റണി എം പി എന്നിവര്‍ ചേര്‍ന്ന് പരിശോധിച്ചു. ഒരു ലക്ഷം കോടിയുടെ മാലിന്യ സംസ്‌കരണ പദ്ധതിയുടെ നടത്തിപ്പ് ലീഗ് മന്ത്രിമാര്‍ക്ക് നല്‍കി. ശേഷിക്കുന്ന 60,000 കോടിയുടെ സോളാര്‍ പദ്ധതിയാണ് മുഖ്യമന്ത്രിയും നാല് കോണ്‍ഗ്രസ് മന്ത്രിമാരും ആന്‍േറാ ആന്റണി എം പിയും ചേര്‍ന്ന് ഏറ്റെടുത്ത് ബിസിനസായി കൊണ്ടുപോകാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് 5612 മെഗാവാട്ട് വൈദ്യുതിയുടെ കമ്മിയുള്ളതിന്റെ അടിസ്ഥാനത്തിലാണ് വിജയമുറപ്പിച്ച് മന്ത്രിമാര്‍ തന്നെ പദ്ധതി നടത്തിപ്പുമായി രംഗത്തിറങ്ങിയത്. അങ്ങനെയാണ് മന്ത്രിമാര്‍ മറവിലിരുന്ന് സരിതയേയും മറ്റും ഉപയോഗിച്ച് പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. അതിനാല്‍, സരിതയുടെ സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കും നാല് മന്ത്രിമാര്‍ക്കും വ്യക്തമായ പങ്കുണ്ടെന്നും ജോര്‍ജ് മൊഴി നല്‍കി.