Connect with us

Gulf

ബുഗാട്ടി വെയ്‌റോണ്‍ ലോകത്തിലെ ഏറ്റവും വേഗം കൂടിയ നിയമം നടപ്പാക്കുന്ന വാഹനം

Published

|

Last Updated

അബുദാബി: ദുബൈ പോലീസിന്റെ ശേഖരത്തിലുള്ള ആത്യാഡംബര കാറായ ബുഗാട്ടി വെയ്‌റോണ്‍ ലോകത്തിലെ നിയമപാലനത്തിനുള്ള ഏറ്റവും വേഗമേറിയ കാറായി തിരഞ്ഞെടുക്കപ്പെട്ടു. റോഡില്‍ അമിതവേഗത്തില്‍ ഓടുന്ന വാഹനങ്ങളെ പിടികൂടാനാണ് ദുബൈ പോലീസ് ഇത്തരം കാറുകളുടെ വന്‍നിരസേനയുടെ ഭാഗമാക്കിയത്.
1,200 കുതിരശക്തിയുള്ളതും 16 സിലിണ്ടറുകളുള്ളതുമായ വെയ്‌റോണിന്റെ മണിക്കൂറിലെ പരമാവധി വേഗം 407 കിലോമീറ്ററാണ്. രണ്ടര സെക്കന്റിനുള്ളില്‍ വേഗം മണിക്കൂറില്‍ 100 കിലോമീറ്ററില്‍ എത്തുമെന്നതും ഈ സൂപ്പര്‍ കാറിന്റെ പ്രത്യേകതയാണ്. ഇതിനാലാണ് എത്ര വേഗത്തില്‍ ചീറിപ്പാഞ്ഞാലും വെയ്‌റോണില്‍ നിന്ന് മറ്റ് വാഹനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കാത്തത്.
ദുബൈ പോലീസിന്റെ ഇമേജ് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. ദുബൈ പോലീസിന്റെ ശേഖരത്തിലുള്ള ലംബോര്‍ഗിനി അവന്റഡോര്‍ എല്‍ പി 700-4 ആണ് വേഗത്തില്‍ രണ്ടാമതുള്ള കാര്‍. ലോകത്തിലെ മുന്‍നിര പോലീസ് സേനകളെല്ലാം ഉപയോഗിക്കുന്ന കാറുകളില്‍ ഉള്‍പെട്ടതാണിത്. മണിക്കൂറില്‍ 349 കിലോമീറ്ററാണ് ഇതിന്റെ വേഗം. 3.7 സെക്കന്റിനകം 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കും.
അത്യാഢംബര കാറുകള്‍ ദുബൈ പോലീസിന്റെ ഭാഗമായതിന് ശേഷം അമിതവേഗക്കാര്‍ പൂര്‍ണമായും പോലീസിന്റെ പിടിയില്‍ അകപ്പെട്ടിരുന്നു.
ദുബൈയുടെ ബുര്‍ജ് ഖലീഫ അടക്കമുള്ള അഭിമാന സ്തംഭങ്ങള്‍ക്ക് സമീപത്താണ് ഇത്തരം കാറുകള്‍ നിലയുറപ്പിക്കുകയെന്നും ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന മുമ്പ് പറഞ്ഞിരുന്നു.