Connect with us

Eranakulam

ഖബറടക്കത്തിന് മുതവല്ലിയുടെ മുന്‍കൂര്‍ അനുമതി വേണ്ട: കോടതി

Published

|

Last Updated

കൊച്ചി: മുസ്‌ലിം പള്ളിയുമായി ബന്ധപ്പെട്ട ഖബര്‍സ്ഥാനില്‍ ഖബറടക്കത്തിന് മുതവല്ലിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. പല്ലാരിമംഗലം മൈലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തുന്നതിന് മുത്തവല്ലിയുടെ അനുമതി വേണമെന്ന് വഖ്ഫ് ട്രൈബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി. തൊട്ടടുത്ത രണ്ട് മഹല്ലുകളിലെ ഖബറടക്കം മൈലൂര്‍ ജുമാ മസ്ജിദില്‍ നടത്താന്‍ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുത്തവല്ലി എ എം അബ്ദുല്‍ ഖാദറും മറ്റും സമ്പാദിച്ച വിധിയാണ് ജസ്റ്റിസുമാരായ പി എന്‍ രവീന്ദ്രന്‍, അനില്‍ കെ നരേന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. ജുമുഅ മസ്ജിദ് സെക്രട്ടറി പി ജെ സെയ്തു മുഹമ്മദും മറ്റും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി അനുവദിച്ചാണ് ഡിവിഷന്‍ ബഞ്ച് വിധി.
കൊല്ലം ജുമാ മസ്ജിദിന് സമീപം സ്ഥാപിതമായ മസ്ജിദുല്‍ അബ്‌റാര്‍, ചെമ്പഴ എന്നീ രണ്ട് മഹല്ലുകളില്‍ നിന്നുള്ളവര്‍ മൈലൂര്‍ ജുമുഅ മസ്ജിദില്‍ ഖബറടക്കം നടത്തുന്നതിനെതിരെയായിരുന്നു ട്രൈബ്യൂണല്‍ വിധി. മസ്ജിദിന്റെ വസ്തുവഹകളില്‍ മുത്തവല്ലിക്ക് ഉടമസ്ഥാവകാശം ഇല്ലന്നും വസ്തുവഹകളില്‍ വസ്തുവഹകള്‍ പരിപാലിക്കാന്‍ മാത്രമാണ് മുത്തവല്ലിക്ക് അധികാരമുള്ളുവെന്നും സുപ്രീം കോടതി വിധി ന്യായം ഉദ്ധരിച്ച് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
മുസ്‌ലിം സമുദായത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഖബര്‍സ്ഥാന്‍ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നും ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബഞ്ച് പറഞ്ഞു. റിവിഷന്‍ ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. ടി എം അബ്ദുല്ലത്വീഫ് ഹാജരായി.