മഹല്ലുകളിലെ അരാജകത്വം; നടപടി വേണമെന്ന് കാന്തപുരം

Posted on: April 22, 2015 12:44 am | Last updated: April 22, 2015 at 12:44 am

ap usthad kanthapuram>>>സുന്നി നേതാക്കള്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായും ചര്‍ച്ച നടത്തി

തിരുവനന്തപുരം: മഹല്ലുകളില്‍ അരാജകത്വം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മഹല്ലുകളിലും മതസ്ഥാപനങ്ങളിലും ചേരിതിരിവുണ്ടാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാന്തപുരം ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരുമായും കാന്തപുരത്തിന്റെ നേതൃത്വത്തില്‍ സുന്നി നേതാക്കള്‍ ചര്‍ച്ച നടത്തി. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. കെ എം എ റഹീം, എസ് എം എ സംസ്ഥാനസെക്രട്ടേറിയറ്റംഗം എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് ജില്ലാ സെക്രട്ടറി നേമം സിദ്ദീഖ് സഖാഫി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
സമാധാനാന്തരീക്ഷത്തില്‍ കഴിയുന്ന കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന സുന്നികള്‍ക്കിടയില്‍ അനാവശ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മതസ്ഥാപനങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം ആസൂത്രിതമാണ്. ചില ഭാഗങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി നീതി നടപ്പാക്കണം.
സംഘടനകള്‍ക്കിടയില്‍ ഭിന്നത പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആശയപരവും സംഘടനാപരവുമായ വിയോജിപ്പുകളെ അതേ രീതിയില്‍ തന്നെ കാണുകയും നേരിടുകയും ചെയ്യുന്നതാണ് സുന്നി സംഘടനകളുടെ രീതി. എന്നാല്‍, പ്രകോപനം സൃഷ്ടിച്ച് ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. സുന്നി സംഘടനകള്‍ സ്ഥാപനങ്ങള്‍ പിടിച്ചടക്കുന്നുവെന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. ഈ ആരോപണത്തെക്കുറിച്ച് സര്‍ക്കാറിന്റെ ഏത് ഏജന്‍സിക്കും അന്വേഷണം നടത്തി നടപടിയെടുക്കാവുന്നതാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.