Connect with us

Idukki

കാര്‍ യാത്രക്കാരായ കുടുംബത്തെ ആക്രമിച്ച നാലംഗ സംഘം അറസ്റ്റില്‍

Published

|

Last Updated

ഇടുക്കി: ഉപ്പുതറ കാണിക്കവഞ്ചിക്ക് സമീപം നേര്‍ച്ചയിടാന്‍ കാര്‍ നിറുത്തിയ യാത്രാ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ നാല് അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ ചിന്നാര്‍ പനച്ചിക്കല്‍ മനു (36), ചിന്നാര്‍ ഏട്ടണിവിളയില്‍ ധനൂപ് സെല്‍വരാജ് (33), ചിന്നാര്‍ മുതിരുമല മധു (36), ഏലപ്പാറ പുത്തന്‍പുരയ്ക്കല്‍ ലിജിന്‍ ചെറിയാന്‍ (25) എന്നിവരെയാണ് ഉപ്പുതറ പോലീസ് ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
വിഷുദിനമായ ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയില്‍ മൂന്നാം മൈലിന് സമീപത്ത്് സ്ത്രീകളും കുട്ടികളുമായി എത്തിയസംഘം കാണിക്കവഞ്ചിയില്‍ പണമിടാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ആക്രമണമുണ്ടായത്.
കാറിന്റെ ഗ്ലാസുകള്‍ തല്ലിത്തകര്‍ക്കുകയും കല്ലിനിടിച്ച് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഇ എസ് ബിജിമോള്‍ എം എല്‍ എയുടെ തറവാട്ട് വീട്ടില്‍ കയറിയാണ് മര്‍ദനമേറ്റവര്‍ രക്ഷപെട്ടത്.
എരുമേലി അട്ടിക്കല്‍ പ്രദീപ് (42), ഭാര്യ ശശികല (39), മക്കള്‍ ശരത് (15), ശരണ്‍ (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉപ്പുതറ സര്‍ക്കാരാശുപത്രിയിലും പിന്നീട് കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ഭാര്യയുടെ തറവാട്ടിലേക്ക് വിഷു ആഘോഷത്തിനായി എത്തിയതായിരുന്നു പ്രദീപും കുടുംബവും. മൂന്നാം മൈലിലെ ഭീമങ്കല്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചിക്ക് സമീപത്ത് എത്തിയപ്പോള്‍ കാര്‍നിര്‍ത്തി.
അപ്പോള്‍ സമീപത്ത് മദ്യപിച്ച് കൊണ്ടിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറും സുഹൃത്തുക്കളും അസഭ്യം പറയുകയും കാറ് വഴിയിലാണോടാ നിര്‍ത്തുന്നതെന്ന് ആക്രോശിച്ച് അടുത്തെത്തിയ സംഘം പ്രദീപിനെ മര്‍ദിക്കുകയുമായിരുന്നു. തടയാനെത്തിയ ഭാര്യയെയും മക്കളെയും അനുജത്തിയെയും അവരുടെ മക്കളെയും സംഘം കമ്പിവടിയും കല്ലും ഉപയോഗിച്ച് മര്‍ദിച്ചു.
സംഭവശേഷം മുങ്ങിയ പ്രതികള്‍ കഴിഞ്ഞ രാത്രി വീട്ടിലെത്തിയതായി കട്ടപ്പന ഡിവൈ എസ് പി ജഗദീഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ കുടുക്കിയത്. പുലര്‍ച്ചെ രക്ഷപ്പെടാനായി ചിന്നാറ്റിലെത്തിയ പ്രതികളെ ഉപ്പുതറ എസ് ഐ ടോമി ജോസഫിന്റ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest