മേഘാലയയില്‍ ഗോവധ നിരോധത്തിനെതിരെ നിലപാട് കര്‍ക്കശമാക്കി ബി ജെ പി സംസ്ഥാന ഘടകം

Posted on: April 22, 2015 5:25 am | Last updated: April 22, 2015 at 12:26 am

ന്യൂഡല്‍ഹി: ബി ജെ പി പ്രസിഡന്റിന്റെ മേഘാലയ സന്ദര്‍ശനം ഇന്ന് നടക്കാനിരിക്കെ ഗോവധം നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പ്. സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി നിരോധനം കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെ പാര്‍ട്ടി സംസ്ഥാന ഘടകം പരസ്യമായി രംഗത്ത് വന്നു. മിസോറാം, നാഗാലാന്‍ഡ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് അമിത് ഷാ മേഘാലയയിലെത്തുന്നത്. സംസ്ഥാനത്തെ വിവിധ ചെറിയ പാര്‍ട്ടി നേതാക്കളെ കാണുന്നതിന് പുറമെ കൃസ്ത്യന്‍, ഹിന്ദു സമുദായങ്ങളിലെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേസമയം ബി ജെ പി പ്രസിഡന്റിന്റെ സംസ്ഥാന സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താലിന് നിരോധിത സംഘടനയായ ഹിന്ന്യൂട്രെപ് നാഷനല്‍ ലിബറേഷന്‍ കൗണ്‍സില്‍( എച്ച് എന്‍ എല്‍ സി) എന്ന സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഗോവധ നിരോധം കൊണ്ടുവരാനുള്ള ബി ജെ പി സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. പശുമാംസം ഒരു ഭക്ഷണമാര്‍ഗമാണെന്നും രാഷ്ടീയ താത്പര്യത്തിന് അനുസൃതമായി ഒരു പ്രത്യക മതവിഭാഗത്തിന് മേല്‍ അത് അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് ബി ജെ പി, ആര്‍ എസ് എസ്, വി എച്ച് പി തുടങ്ങിയ സംഘടനകള്‍ നടത്തുന്നതെന്നും എച്ച് എന്‍ എല്‍ സി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം ഗോവധ നിരോധനീക്കത്തിനെതിരെ ബി ജെ പി സംസ്ഥന പ്രസിഡന്റ് തന്നെ രംഗത്ത് വന്നു. സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ ഭക്ഷണമാണ് പശുമാംസമെന്നും ഇത് സംസ്ഥാന വിഷയമാണെന്നും നിരോധന നീക്കം അവസാനിപ്പിക്കണമെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കിലൂര്‍ സിംഗ് ലിംഗ്‌ദോ പറഞ്ഞു.സംസ്ഥാനത്ത് കൃസ്ത്യന്‍ സമുദായത്തിന് നേരം നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച അദ്ദേഹം ഇത്തരം സംഭവങ്ങളെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവങ്ങളെ പ്രധാനമന്ത്രി തന്നെ അപലപിച്ചിട്ടുണ്ട്. സംഭവങ്ങളെ കുറിച്ചന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ലിംഗ്‌ദോ പറഞ്ഞു.
അതേസമയം ബി ജെ പി ദേശീയ പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു പരിപാടികളിലും പങ്കെടുക്കരുതെന്ന് തുമ യു രംഗ്‌ലി ജുകി എന്ന സംഘടന മതനേതാക്കളോടും പൊതുജനങ്ങളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസപരവും മതപരവുമായ അവകാശങ്ങളെ ഹനിക്കുന്നത് എതിര്‍ക്കപ്പെടണമെന്ന് സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. ബി ജെ പി പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനെതിരെ വന്‍പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി.