Gulf
മൂന്നു മാസങ്ങള്‍ക്കിടയില്‍ ദുബൈ നല്‍കിയത് രണ്ടു ലക്ഷം വിസകള്‍

ദുബൈ: 2015ന്റെ ആദ്യ മൂന്നു മാസങ്ങള്‍ക്കിടയില്‍ രണ്ടു ലക്ഷത്തിലധികം തൊഴില്‍ വിസകള്‍ നല്‍കിയതായി ഡി എച്ച് എ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. ഡി എച്ച് എക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ മൊത്തം 4,96,721 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 2,06,770 വൈദ്യ പരിശോധനയും പുതിയ വിസകളുമായി ബന്ധപ്പെട്ടായിരുന്നു. ബാക്കിയുള്ള 2,89,951 വൈദ്യ പരിശോധനകള്‍ നിലവിലെ വിസകളുടെ പുതുക്കലുമായി ബന്ധപ്പെട്ടായിരുന്നുവെന്നും ഡി എച്ച് എ മെഡിക്കല്‍ ഫിറ്റ്‌നസ് ഡയറക്ടര്‍ മൈസ അല്‍ അല്‍ ബുസ്താനി വ്യക്തമാക്കി.
രാജ്യത്ത് കഴിയുന്ന എല്ലാ പ്രവാസികള്‍ക്കും വിസക്കായി വൈദ്യപരിശോധന ആവശ്യമാണ്. രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനും വിദ്യാഭ്യാസം ചെയ്യാനും വിസ നിര്‍ബന്ധമാണ്. ദുബൈ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 16 മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകളാണ് ഈ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. മൊത്തം പരിശോധനക്ക് എത്തിയവരില്‍ 27,875 പേര്‍ നാലുമണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുന്ന വി ഐ പി സേവനം പ്രയോജനപ്പെടുത്തി. 22,500 പേര്‍ 24 മണിക്കൂറിന്റെ എക്‌സ്പ്രസ് റിസള്‍ട്ടും 93,549 പേര്‍ 48 മണിക്കൂറിന് ശേഷം പരിശോധനാ ഫലം ലഭിക്കുന്ന സംവിധാനവും പ്രയോജനപ്പെടുത്തി.
വാതില്‍ക്കല്‍ പരിശോധനാ ഫലം എത്തിക്കുന്ന തവാജുദ് സേവനം 4,574 പേര്‍ പ്രയോജനപ്പെടുത്തി. 12 പേര്‍ തവാജുദ് എക്‌സ്പ്രസ് സര്‍വീസും ഉപയോഗപ്പെടുത്തി.
രണ്ട് മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകള്‍ കൂടി ഈ വര്‍ഷം ആരംഭിക്കും. മിര്‍ദിഫിലും ജുമൈറ ലേക്ക് ടവേഴ്‌സിലുമാവും ഇവ പ്രവര്‍ത്തിക്കുകയെന്നും അല്‍ ബുസ്താനി പറഞ്ഞു.