Connect with us

National

ഇസില്‍ ഭീകരത കുറവ് ഇന്ത്യയിലെന്ന് യു എസ് സുരക്ഷാകാര്യ വിദഗ്ധന്‍

Published

|

Last Updated

കൊല്‍ക്കത്ത: മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇസില്‍ ഭീകരത ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് അമേരിക്കന്‍ സുരക്ഷാകാര്യ വിദഗ്ധന്‍ ഗാരി ലഫ്രി. ഇന്ത്യയിലെ മതവൈവിധ്യവും സഹിഷ്ണുതയുമാണ് ഇതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു സന്ദര്‍ശകന്‍ എന്ന നിലയില്‍, ഇവിടത്തെ മതവൈവിധ്യവും അവയുടെ പ്രകടനവും തന്നെ അത്ഭുതപ്പെടുത്തുന്നു. എത്രയെത്ര മതവിഭാഗങ്ങളാണ് ഇവിടെ സാഹോദര്യത്തോടെ കഴിയുന്നത്. ഇതിനിടയില്‍ അന്തഃഛിദ്രമുണ്ടാക്കാന്‍ ഇസില്‍ ശ്രമം നടത്തിവരികയാണ്. എന്നാല്‍, അതില്‍ അവര്‍ പരാജയപ്പെടുകയാണെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ടെററിസം ആന്‍ഡ് റെസ്‌പോണ്‍സ് ടു ടെററിസം (സ്റ്റാര്‍ട്ട്) ഡയരക്ടര്‍ കൂടിയായ ലഫ്രി പറഞ്ഞു. ഒറ്റ മതം മാത്രം മേധാവിത്വം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ ഭീകരത സംഘടിപ്പിക്കാന്‍ ഇസിലിന് വളരെ എളുപ്പം കഴിയുന്നുണ്ട്. വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന ഇന്ത്യയില്‍ ഇക്കാര്യം അവര്‍ക്ക് എളുപ്പമല്ല. രാജ്യവിസ്തൃതി കണക്കിലെടുത്താല്‍ പോലും ഇന്ത്യയില്‍ വിദേശ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം വളരെ കുറച്ച് മാത്രമാണ്.
അതേസമയം, അമേരിക്കയും യൂറോപ്പും ഇസിലിന്റെ ആക്രമണങ്ങളും കടന്നുകയറ്റവും സംബന്ധിച്ച് അതീവ ജാഗ്രതയോടെയാണ് കഴിയുന്നത്. ഇസിലിനെ ഇല്ലാതാക്കാന്‍ അത്ര എളുപ്പമല്ലെന്നും അതിന് ആഴത്തില്‍ വേരൂന്നിയ നേതൃത്വം ഉണ്ടെന്നും ലഫ്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മതം അടിസ്ഥാനമാക്കിയുള്ള തീവ്രവാദം ഇന്ത്യയില്‍ വളര്‍ന്നുവരികയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2014ലെ ഭീകരാക്രമണങ്ങളുടെ തോത് പരിശോധിച്ചാല്‍ ആഗോളതലത്തില്‍ ഇന്ത്യാ നാലാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇറാഖ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. മതതീവ്രവാദത്തിന് പുറമേ ഇന്ത്യയില്‍ പലതരത്തിലുള്ള തീവ്രവാദം നിലനില്‍ക്കുന്നുണ്ട്. ഇടത് തീവ്രവാദവും വലത് തീവ്രവാദവും അതില്‍ ചിലത് മാത്രമാണ്. ഇവിടെ നടക്കുന്ന തീവ്രവാദ ആക്രമണങ്ങളില്‍ 60 ശതമാനത്തില്‍ അധികവും മാവോയിസ്റ്റ്, ഇടത് തീവ്രവാദ സംഘടനകളില്‍ നിന്നുള്ളതാണെന്നും ഗാരി ലഫ്രി പറഞ്ഞു.