Connect with us

Kerala

സര്‍ക്കാര്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ജനനന്മക്കായി സര്‍ക്കാര്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നീതി ലഭിക്കാതിരിക്കുമ്പോള്‍ ഉദ്യോഗസ്ഥരെയാണ് പഴിചാരുന്നത്. നിലവിലുളള ചട്ടങ്ങളാണ് ന്യായമായ ആവശ്യങ്ങള്‍ക്ക് തടസമെന്നും അദ്ദേഹം പറഞ്ഞു. തിരുവവന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മൂന്നാം ജനസമ്പര്‍ക്ക പരിപാടിയായ “കരുതല്‍ 2015″ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാറ്റം വരുത്തേണ്ട ചട്ടങ്ങളാണെങ്കില്‍ അതു ചെയ്യുമെന്നും മുന്‍ ജനസമ്പര്‍ക്കപരിപാടികളുടെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ പൊതു നന്മക്ക് തടസങ്ങളാകുന്ന നിരവധി ചട്ടങ്ങളിലെ മാനദണ്ഡങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ മന്ത്രിസഭ മാറ്റം വരുത്തിയിട്ടുണ്ട്. ജനാധിപത്യത്തിന് ശക്തിപകരുന്ന കൂട്ടായ്മയാണ് ഇത്0. സര്‍ക്കാറും ഉദ്യോഗസ്ഥരും ജനങ്ങളും ചേര്‍ന്നുളള കൂട്ടായ്മ ജനാധിപത്യവ്യവസ്ഥിതിയില്‍ സാധാരണക്കാര്‍ക്കുളള വിശ്വാസം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹതയുള്ള സഹായം എത്ര പാവപ്പെട്ടവരാണെങ്കിലും അവര്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുന്‍ ജനസമ്പര്‍ക്കപരിപാടികളില്‍ ലഭിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പോരായ്മകള്‍ പരമാവധി പരിഹരിക്കാന്‍ ക്രിയാത്മക മാറ്റങ്ങള്‍ നടത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ലഭിച്ച 16,253 പരാതികളില്‍ 15,810 എണ്ണവും പരിശോധിച്ച് വിവിധ വകുപ്പുകളിലേക്ക് അയച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പകുതിയിലധികം പരാതികളില്‍ തീരുമാനമെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ച 05,784 അപേക്ഷകളില്‍ 5,567ലും തീരുമാനമെടുത്തു. ഓണ്‍ലൈനില്‍ ലഭിച്ച പരാതികളില്‍ നേരത്തേ തന്നെ തീരുമാനമെടുത്ത് സഹായം നല്‍കി. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് അനുവദിച്ച 3.28 കോടി രൂപയുടെ സഹായത്തിന് പുറമെ ഇന്നലെ 35.30 ലക്ഷം രൂപയുടെ സഹായം നല്‍കി. ഇന്നലെ രജിസ്റ്റര്‍ ചെയ്ത 5,350 പരാതികള്‍ മുഖ്യമന്ത്രി നേരിട്ട് കൈപ്പറ്റി. ഇക്കുറി രോഗികള്‍ക്കും കിടപ്പിലായവര്‍ക്കും സഹായങ്ങളെത്തിക്കാന്‍ ഉദ്യോഗസ്ഥരെ പരാതിക്കാരുടെ വീടുകളില്‍ എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു. മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ എന്‍ ശക്തന്‍, മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ സി ജോസഫ്, കെ ബാബു, എം എല്‍ എ മാര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പങ്കെടുത്തു.

 

Latest