Connect with us

Kerala

അഡോല്‍ഫിനെ ചോദ്യം ചെയ്തു

Published

|

Last Updated

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എല്‍ അഡോല്‍ഫിനെ സി ബി ഐ ചോദ്യം ചെയ്തു. 100 കോടിയിലധികം രൂപയുടെ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു നടത്തിയ അല്‍സറഫ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്‌സിനെ വഴിവിട്ടു സഹായിച്ചതിനാണ് അഡോല്‍ഫിനെ ഒന്നാം പ്രതിയാക്കി സി ബി ഐ കേസെടുത്തിട്ടുള്ളത്. സി ബി ഐയുടെ കൊച്ചിയിലെ ഓഫീസില്‍ ഇന്നലെ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം വരെ നീണ്ടു. ഇദ്ദേഹം നല്‍കിയ വിശദീകരണങ്ങള്‍ പരിശോധിച്ച ശേഷം ചോദ്യം ചെയ്യലിന് വീണ്ടും വിളിപ്പിക്കുമെന്ന്് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അഡോള്‍ഫിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് അഡോള്‍ഫ് ഇന്നലെ ചോദ്യം ചെയ്യലിനായി സി ബി ഐ മുമ്പാകെ ഹാജരായത്.
അല്‍സറഫ നടത്തിയ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് പൂര്‍ണമായും ഒത്താശ ചെയ്തുവെന്നാണ് സി ബി ഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്്. അല്‍സറഫ ഉദ്യോഗാര്‍ഥികളില്‍ നിന്ന് നിയമാനുസൃതം വാങ്ങേണ്ടതിന്റെ നൂറിരട്ടി തുക വാങ്ങുന്നതു സംബന്ധിച്ച് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന് രേഖാമൂലം പരാതി ലഭിച്ചിട്ടും ഒരു നടപടിയും എടുത്തിരുന്നില്ല. ഉദ്യോഗാര്‍ഥിയില്‍ നിന്ന് ലഭിച്ച പരാതിയുടെ കോപ്പി സി ബി ഐ നടത്തിയ പരിശോധനയില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ എറണാകുളത്തെ ഓഫീസില്‍ നിന്ന് സി ബി ഐ പിടിച്ചെടുത്തിരുന്നു. രേഖാമൂലം ലഭിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ റിക്രൂട്ടിംഗ് ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് നടപടിയെടുക്കുകയാണ് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അതിന് പകരം റിക്രൂട്ടിംഗ് എജന്‍സിയുമായി ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ഇദ്ദേഹം പരാതിക്കാര്‍ക്ക് നിര്‍്‌ദേശം നല്‍കിയത്.
വിദേശത്ത് ജോലിക്കായി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ കൊണ്ടുപോകുന്നവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ശേഖരിക്കുകയും നിയമലംഘനമുണ്ടായാല്‍ ഇടപെടുകയും ചെയ്യേണ്ട പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സില്‍ അല്‍സറഫ ഏജന്‍സി നടത്തിയ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും സൂക്ഷിച്ചിരുന്നില്ല. റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഓരോ മാസത്തെയും റിക്രൂട്ട്‌മെന്റിന്റെ വിവരങ്ങള്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് മുമ്പാകെ ഹാജരാക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാല്‍ അല്‍സറഫ ട്രാവല്‍സ് ഇത്തരത്തിലുള്ള വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല. കേസിലെ രണ്ടാം പ്രതിയായ അല്‍സറഫയുടെ ഉടമസ്ഥനായ വര്‍ഗീസ് ഉതുപ്പുമായി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഗൂഢാലോചന നടത്തിയതായി കോടതിയില്‍ സി ബി ഐ നല്‍കിയ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. അഡോള്‍ഫിന്റെ അനധികൃത സമ്പാദ്യം സംബന്ധിച്ചും സി ബി ഐ വിവരശേഖരണം നടത്തിയിട്ടുണ്ട്.