എസ് എസ് എല്‍ സി: ജില്ലക്ക് മികച്ച നേട്ടം

Posted on: April 21, 2015 5:21 am | Last updated: April 20, 2015 at 9:30 pm

ചെറുവത്തൂര്‍: എസ് എല്‍ സി പരീക്ഷാഫലം പുറത്തുവന്നതോടെ കാസര്‍കോട് ജില്ല കരസ്ഥമാക്കിയത് മികച്ച നേട്ടം. ജില്ലയിലെ വിദ്യാഭ്യാസ ഉപജില്ലകളിലെ വിജയ ശതമാനം കുത്തനെ ഉയര്‍ന്നു.
ചെറുവത്തൂര്‍ ഉപജില്ലയിലെ ആകെയുള്ള ഒമ്പത് സ്‌കൂളുകളില്‍ എട്ടെണ്ണം 100 ശതമാനം വിജയം കരസ്ഥമാക്കി മികവു തെളിയിച്ചു. തൃക്കരിപ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ചരിത്രത്തിലാദ്യമായി ആദ്യതവണ തന്നെ വിജയിച്ച് 100 ശതമാനം വിജയം കരസ്ഥമാക്കി. 117 വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ നിന്ന് വിജയിച്ചത്. കഴിഞ്ഞ തവണ ഒരു വിദ്യാര്‍ഥി പരാജയപ്പെട്ട് പൂര്‍ണ വിജയം നഷ്ടപ്പെട്ടിരുന്നു. സേ പരീക്ഷയിലൂടെ പിന്നീട് നൂറു ശതമാനം നേടിയിരുന്നു. ഈ വിജയത്തില്‍ അദ്യാപകരും പി.ടി.എ.യും നാട്ടുകാരും ആഹ്ലാദത്തിലാണ്. ഇളമ്പച്ചി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുപരീക്ഷയെഴുതിയ 128 കുട്ടികളും വിജയിച്ചു. 10 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഉദിനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 293 കുട്ടികള്‍ പരീക്ഷയെഴുതി .28 പേര് മുഴുവന്‍ എ പ്ലസ് നേടിയതടക്കം എല്ലാവരും വിജയിച്ചു. ചീമേനി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷയെഴുതിയ 113 കുട്ടികളും വിജയിച്ചു. 3 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ ഗവ. ഹയര്‍ സെക്കന്റി സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 162 കുട്ടികളും ഉന്നത പഠനത്തിന് അര്ഹത നേടി 10 പേര്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പടന്ന കടപ്പുറം ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും കയ്യൂര്‍ ഹൈസ്‌കൂളിലെയും പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളും വിജയിച്ചു. കാടങ്കോട് ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 250 കുട്ടികളില്‍ നിന്ന് 248 കുട്ടികള്‍ക്ക് മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളു.
സ്വകാര്യ സ്‌കൂളുകളിലെ വിജയം താഴെ പറയുന്ന പ്രകാരമാണ്. കൈക്കോട്ട്കടവ് സ്‌കൂള്‍, മെട്ടമ്മല്‍ സ്‌കൂള്‍, തിമിരി സ്‌കൂള്‍ എന്നിവിടങ്ങളില്‍ 100 ശതമാനം വിജയം നേടി. പടന്ന എം ആര്‍ വി എച്ച് എസ്, കൊടക്കാട് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് നിന്ന് ഒരു കുട്ടി വീതം പരാജയപ്പെട്ടത് കാരണം നൂറു ശതമാനം നഷ്ടപ്പെട്ടു.