Connect with us

Gulf

എമിറേറ്റ്‌സ് ഐ ഡി വെബ്‌സൈറ്റില്‍ മലയാളമുള്‍പെടെ പുതിയ അഞ്ചു ഭാഷകള്‍ ഉള്‍പെടുത്തും

Published

|

Last Updated

അബുദാബി: എമിറേറ്റ്‌സ് ഐഡിയുടെ വെബ്‌സൈറ്റില്‍ നിലവിലുള്ള അറബി, ഇംഗ്ലീഷ് എന്നിവക്കുപുറമെ പുതിയ അഞ്ചു ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് അധികൃതരുടെ പ്രഖ്യാപനം.
പൊതുജനങ്ങള്‍ക്ക് ഐ ഡി അതോറിറ്റിയുടെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും എളുപ്പവുമാക്കുന്നതിന്റെ ഭാഗമാണ് മലയാളമുള്‍പെടെ പുതിയ അഞ്ചു ഭാഷകള്‍ ഉല്‍പ്പെടുത്തുന്നതെന്ന് ഐ ഡി അതോറിറ്റിയിലെ സോഷ്യല്‍, ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ മഅ്മരി അറിയിച്ചു. ഉര്‍ദു, തഗലോഗ് (ഫിലിപൈന്‍), ചൈനീസ്, റഷ്യന്‍ എന്നിവയാണ് മലയാളത്തിനു പുറമെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്ന പുതിയ ഭാഷകള്‍.
എമിറേറ്റ്‌സ് ഐ ഡി വെബ്‌സൈറ്റ് ആരംഭിച്ചത് മുതല്‍ അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളാണ് ഉണ്ടായിരുന്നത്. ഇതിനു പുറമെ പുതിയ ഭാഷകള്‍ ഉല്‍പെടുത്തുന്നതിനെക്കുറിച്ച് ഐ ഡി അതോറിറ്റി രാജ്യത്ത് കഴിയുന്ന വിദേശികളില്‍ നിന്ന് അഭിപ്രായമാരാഞ്ഞിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ഉറുദുഭാഷക്കായിരുന്നു. 54 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. 44 ശതമാനവുമായി തൊട്ടുപിന്നില്‍ മലയാളം സ്ഥാനം പിടിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഐഡിയുടെ വെബ്‌സൈറ്റ് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി 90 ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. ഇതില്‍ പ്രധാനമായും 10 ഭാഷക്കാരാണ്ടായിരുന്നത്. ഇതിനു പുറമെ ഐഡിയുടെ കോള്‍ സെന്ററുകളിലേക്കും മറ്റും ബന്ധപ്പെട്ട് വിവരങ്ങളന്വേഷിക്കുന്നവരുടെ ഭാഷാപരമായ അഭിരുചിയും അതോറിറ്റി മനസ്സിലാക്കിയിരുന്നു. ഇതിനെല്ലാം പുറമെ പൊതുജനങ്ങളിലേക്കിറങ്ങി അതോറിറ്റി നടത്തിയ ചില പഠനങ്ങളുമെല്ലാം മുന്‍നിര്‍ത്തിയാണ് അഞ്ചു പുതിയ ഭാഷകള്‍ സൈറ്റില്‍ ഉള്‍പെടുത്തുന്നതെന്ന് അല്‍ മഅ്മരി വ്യക്തമാക്കി. 10 ലക്ഷത്തോളം മലയാളികളാണ് യു എ ഇയില്‍ കഴിയുന്നത്.

Latest