Connect with us

Kerala

സംസ്ഥാന ഘടകത്തിന് തിരിച്ചടി; കേരളത്തില്‍ 'യെച്ചൂരി ഇഫക്ട്' ഉറപ്പ്

Published

|

Last Updated

തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ ജനറല്‍ സെക്രട്ടറി പദം സി പി എം കേരള ഘടകത്തിലും പ്രതിഫലിക്കും. വി എസിനെ അനുകൂലിച്ചെന്ന ഒറ്റക്കാരണത്താല്‍ യെച്ചൂരിയെ തടയാന്‍ നടത്തിയ നീക്കം പരാജയപ്പെട്ടത് സി പി എം സംസ്ഥാന ഘടകത്തിന് വലിയ തിരിച്ചടിയാണ്. കേന്ദ്രകമ്മിറ്റിയില്‍ നിന്ന് നീക്കിയിട്ട് പോലും വി എസ് അച്യുതാനന്ദന് ഈ സ്ഥാനലബ്ധി ആഹ്ലാദം പകരാന്‍ കാരണവും ഇത്തന്നെ. യെച്ചൂരിയിലൂടെ തനിക്ക് കൈവന്ന വിജയം ആസ്വദിച്ചാണ് വി എസ് വിശാഖപട്ടണം വിടുന്നത്. തനിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കാത്തിരിക്കുന്ന സംസ്ഥാന ഘടകത്തിന് മുന്നിലേക്ക് “യെച്ചൂരി”യെയും വഹിച്ച് കൊണ്ടുള്ള വി എസിന്റെ വരവ് സംസ്ഥാന നേതൃത്വത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതൊന്നുമല്ല.
കേരള ഘടകത്തിന്റെ കണക്ക് കൂട്ടല്‍ അപ്പാടെ അട്ടിമറിയുകയായിരുന്നു ഇന്നലെ. പ്രകാശ് കാരാട്ടിന്റെ പിന്തുണയോടെ നടപ്പാക്കിയ തന്ത്രം യെച്ചൂരി തന്നെ മുന്നില്‍ നിന്ന് പരാജയപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രി വൈകും വരെ ചേര്‍ന്ന പി ബി യോഗത്തില്‍ എസ് രാമചന്ദ്രന്‍പിള്ളക്കാണ് മുന്‍തൂക്കം ലഭിച്ചത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ക്ക് പുറമെ മലയാളിയായ സി ഐ ടി യു നേതാവ് എ കെ പത്മനാഭനും എസ് ആര്‍ പിയെ പിന്തുണച്ചു. സൂര്യകാന്ത് മിശ്രയും ബിമന്‍ബോസും അടങ്ങുന്ന ബംഗാളില്‍ നിന്നുള്ള പി ബി അംഗങ്ങള്‍ യെച്ചൂരിക്ക് വേണ്ടിയും നിലകൊണ്ടു. സമവായമുണ്ടാകാതെ വന്നതോടെ കേന്ദ്രകമ്മിറ്റിയുടെ പരിഗണനക്ക് വിടുകയായിരുന്നു. കേന്ദ്രകമ്മിറ്റിയില്‍ പിന്തുണ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന യെച്ചൂരി മത്സരിക്കാന്‍ തന്നെ ഒരുങ്ങി നിന്നു. ഇതോടെ പരാജയം മണത്ത എസ് ആര്‍ പി പിന്‍വാങ്ങുകയായിരുന്നു.
വി എസുമായി ബന്ധപ്പെട്ട സംഘടനാ പ്രശ്‌നങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്റെ നടപടികള്‍ ദുര്‍ബലമാക്കിയത് യെച്ചൂരിയുടെ ഇടപെടലാണെന്ന വിലയിരുത്തലാണ് അദ്ദേഹത്തിനെതിരെ തിരിയാന്‍ കേരള ഘടകത്തെ പ്രേരിപ്പിച്ചത്. എസ് രാമചന്ദ്രന്‍പിള്ളയെ ജനറല്‍സെക്രട്ടറിയാക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ച ഘടകവും ഇത് തന്നെ. യെച്ചൂരിയോടുള്ള വി എസിന്റെ അടുപ്പം സംസ്ഥാനനേതൃത്വത്തിന് എന്നും തലവേദനയായിരുന്നു. വി എസിനെ പുറത്താക്കണമെന്ന് ഉള്‍പ്പെടെ പലവട്ടം കടുത്ത നടപടി ആവശ്യപ്പെട്ടിട്ടും സമവായത്തിന്റെ വഴിയായിരുന്നു യെച്ചൂരി സ്വീകരിച്ചത്. വി എസിനെ കേന്ദ്രീകരിച്ചുള്ള തുടര്‍ നടപടിയെന്ത് എന്ന ചോദ്യമാണ് യെച്ചൂരിക്ക് മുന്നില്‍ കേരളവുമായി ബന്ധപ്പെട്ട ആദ്യപ്രശ്‌നം.
സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോയ വി എസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കാത്തിരിക്കുകയാണ് സംസ്ഥാനഘടകം. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം തുടര്‍ ചര്‍ച്ചക്കായി മാറ്റി വെച്ച പ്രശ്‌നമാണിത്. പിണറായി വിജയന് പകരം കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായതും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. വി എസിന്റെ കാര്യത്തില്‍ പിണറായിക്ക് സമാനമാണ് കോടിയേരിയുടെ നിലപാടെങ്കിലും വി എസിനെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നതില്‍ കോടിയേരിക്ക് മടിയില്ലെന്നതും നിര്‍ണായകമാണ്.
യെച്ചൂരി ജനറല്‍സെക്രട്ടറിയായതോടെ സംസ്ഥാന ഘടകത്തില്‍ ശക്തമായ ധ്രുവീകരണത്തിനുള്ള സാധ്യതയും കൂടുതലാണ്. പി ബി അംഗം എം എ ബേബി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മനസ്സ് കൊണ്ട് യെച്ചൂരിക്കൊപ്പമാണ്. എസ് ആര്‍ പി ജനറല്‍സെക്രട്ടറിയാകണമെന്ന് കേരളഘടകം നിലപാടെടുത്ത ഘട്ടത്തില്‍ മറിച്ചൊരു തീരുമാനം പ്രതീക്ഷിച്ചവര്‍ കൂട്ടത്തിലുണ്ടായിരുന്നു. ഇതെല്ലാം വരും നാളുകളിലെ സി പി എം രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നുറപ്പ്. പിണറായിക്കൊപ്പം നിലയുറപ്പിച്ചിരുന്ന പ്രകാശ് കാരാട്ട് മാറിയതോടെ വി എസ് അച്യുതാനന്ദന്‍ ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.
നാട്ടിലേക്ക് മടങ്ങാനായി സമ്മേളന നഗരി വിട്ട വി എസ്, സീതാറാം യെച്ചൂരി തന്നെ ജനറല്‍സെക്രട്ടറിയാകുമെന്നറിഞ്ഞ് തിരിച്ചെത്തി ആഹ്ലാദം പ്രകടിപ്പിച്ചത് ഒരു പ്രതീകമായി കാണുന്നവരുണ്ട്. യെച്ചൂരിക്ക് പരസ്യമായി വിജയാശംസ നേര്‍ന്ന ആദ്യവ്യക്തി വി എസ് ആയിരുന്നു. ഈ ആശംസ എത്രമാത്രം പാര്‍ട്ടിയെ അസ്വസ്ഥമാക്കിയെന്നറിയാന്‍ സംഭവത്തില്‍ എസ് രാമചന്ദ്രന്‍ പിള്ള പ്രകടിപ്പിച്ച അതൃപ്തി മാത്രം മതി.