Connect with us

National

ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പുവരുത്തി പൊളിറ്റ്ബ്യൂറോ

Published

|

Last Updated

 

cpmവിശാഖപട്ടണം: ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയുമായി അകലുന്നുവെന്ന സി പി എമ്മിന്റെ തിരിച്ചറിവ് പ്രതിഫലിക്കുന്നതാണ് പുതിയ പോളിറ്റ് ബ്യൂറോ. പശ്ചിമബംഗാളില്‍ നിന്നുള്ള ഹനന്‍ മുല്ലയും മുഹമ്മദ് സലീമും ഇനി മുതല്‍ പി ബിയിലെ ന്യൂനപക്ഷ മുഖമാകും. എം എ ബേബിയെ പി ബി അംഗമാക്കി കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പ് വരുത്തിയതിന്റെ തുടര്‍ച്ച കൂടിയാണ് പുതിയ തിരഞ്ഞെടുപ്പ്. ബംഗാളിലെ തിരിച്ചടിക്ക് ആധാരം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അകന്നത് കൊണ്ടാണെന്ന വിലയിരുത്തല്‍ കൂടി പ്രതിഫലിക്കുന്നതാണ് പി ബി തിരഞ്ഞെടുപ്പ്. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യക്കും നിരുപംസെന്നിനും പകരക്കാരായാണ് ഹനന്‍ മുല്ലയും മുഹമ്മദ് സലീമും പി ബിയില്‍ അംഗങ്ങളാകുന്നത്. കര്‍ഷക പ്രസ്ഥാനത്തിലൂടെയാണ് ഹനന്‍ മുല്ല സി പി എമ്മിലെത്തിയതെങ്കില്‍ എസ് എഫ് ഐയിലാണ് മുഹമ്മദ് സലീം രാഷ്ട്രീയ ജീവിതം തുടങ്ങിയത്. ഇരുവരും ദീര്‍ഘകാലം പാര്‍ലിമെന്റില്‍ തിളങ്ങിയവരാണ്. കൊല്‍ക്കത്ത തുറമുഖത്തെ തൊഴിലാളിയായിരുന്ന അസീസുല്‍ ഹഖിന്റെ മകനായി 1957 ജൂണ്‍ അഞ്ചിനാണ് മുഹമ്മദ് സലീമിന്റെ ജനനം. അടിയന്തിരവസ്ഥക്കെതിരായ പോരാട്ടത്തില്‍ സജീവമായി പങ്കെടുത്തു. റൈഗഞ്ച്, കൊല്‍ക്കത്ത നോര്‍ത്ത് എന്നിവിടങ്ങളില്‍ നിന്ന് പാര്‍ലമെന്റിലെത്തി. 2009 ലെ തിരഞ്ഞെടുപ്പില്‍ ഉത്തരകൊല്‍ക്കത്തയില്‍ പരാജയപ്പെട്ടു. ഡോ. റോസിന കതൂന്‍ ആണ് ഭാര്യ. 1946 ജനുവരി മൂന്നിന് ലത്വീഫ് മൊല്ലയുടെ മകനായാണ് ഹനന്‍ മൊല്ലയുടെ ജനനം. ഏഴാം ലോക്‌സഭ മുതല്‍ 14 ാംലോക്‌സഭയില്‍ വരെ അംഗം. ഹൗറ ജില്ലയിലെ ഉളുബെറിയ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2009ലെ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ സുല്‍ത്താന്‍ അഹമ്മദിനോട് പരാജയപ്പെട്ടു. അഖിലേന്ത്യ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയും കര്‍ഷക തൊഴിലാളി യൂണിയന്‍ ദേശീയ ജോയിന്റ് സെക്രട്ടറിയുമാണ്. മൈമൂന അബ്ബാസ് മൊല്ലയാണ് ഭാര്യ.

കേരളത്തില്‍ നിന്ന് കേന്ദ്രകമ്മറ്റിയംഗമായിരുന്ന പാലോളി മുഹമ്മദ് കുട്ടി ഒഴിവായപ്പോള്‍ എളമരം കരീമിനെ സി സി അംഗമാക്കിയതും ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമാണ്.

---- facebook comment plugin here -----

Latest