Connect with us

Gulf

സ്‌പെയ്‌സ് സെന്റര്‍ സ്ഥാപിക്കാന്‍ ശൈഖ് മുഹമ്മദിന്റെ ഉത്തരവ്

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്‌പെയ്‌സ് സെന്റര്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടു. എമിറേറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ അഡ്‌വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി അഫിലിയേറ്റ് ചെയ്താവും സ്‌പെയ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുക. മുഹമ്മദ് ബിന്‍ റാശിദ് സ്‌പെയ്‌സ് സെന്റര്‍ എന്നാവും സ്ഥാപനം അറിയപ്പെടുക.
ബഹിരാകാശ രംഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ വികസിപ്പിക്കാനും പദ്ധതികള്‍ തയ്യാറാക്കാനും കൂടുതല്‍ പഠനങ്ങള്‍ നടത്താനുമെല്ലാമാണ് സ്‌പെയ്‌സ് സെന്ററിലൂടെ ലക്ഷ്യമിടുന്നത്. ബഹിരാകാശവുമായി ബന്ധപ്പെട്ട് രാജ്യം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സെന്ററിന്റെ പൂര്‍ണ പിന്തുണയുണ്ടാവും. യു എ ഇയുടെ ചൊവ്വാ ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സെന്റര്‍ മേല്‍നോട്ടം വഹിക്കും. ശാസ്ത്രവുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സെന്റര്‍ സജീവമായി ഇടപെടും. യു എ ഇയുടെ ഉപഗ്രഹ വിക്ഷേപണ പദ്ധതികളും സ്‌പെയ്‌സ് സെന്റര്‍ സജീവമായി പങ്കെടുക്കും.
ചൊവ്വ പര്യവേഷണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ യു എ ഇയും ഫ്രാന്‍സും തീരുമാനിച്ചതായും ഫ്രാന്‍സിന്റെ സെന്റര്‍ ഡി”എറ്റിയൂഡ്‌സ് സ്പാര്‍ഷ്യല്‍(സി എന്‍ ഇ എസ്)സുമായി യു എ ഇ സ്‌പേയ്‌സ് ഏജന്‍സി ധാരണാപത്രത്തില്‍ ഒപ്പിട്ടതായും യു എ ഇ സ്‌പെയ്‌സ് ഏജന്‍സി ചെയര്‍മാന്‍ ഡോ. ഖലീഫ അല്‍ റുമൈതി കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. ചൊവ്വ പര്യവേക്ഷണത്തില്‍ ലോകത്തിലെ മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പം പങ്കാളിയാവുന്നതിന്റെ ഭാഗമായി 2021ല്‍ സ്‌പെയ്‌സ്ഷിപ്പ് അയക്കാന്‍ യു എ ഇ ഒരുങ്ങുന്നതിനിടയിലാണ് സുപ്രധാനമായ തീരുമാനം ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ചൊവ്വാ ദൗത്യത്തിന്റെ വേഗം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷികക്കുന്നത്.