Connect with us

National

സീതാറാം യെച്ചൂരി സി പി എം ജനറല്‍ സെക്രട്ടറി

Published

|

Last Updated

വിശാഖപട്ടണം: രൂക്ഷമായ വടംവലികള്‍ക്കൊടുവില്‍ സീതാറാം യെച്ചൂരി സി പി എമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പി ബി യോഗത്തില്‍ എസ് രാമചന്ദ്രന്‍ പിള്ളയുടെ പേര് നിര്‍ദേശിക്കപ്പെട്ടെങ്കിലും കേന്ദ്ര കമ്മിറ്റിയിലെ ഭൂരിഭാഗം യെച്ചൂരിക്ക് അനുകൂലമായതോടെ എസ് ആര്‍ പി പിന്മാറുകയായിരുന്നു. ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. കേന്ദ്ര കമ്മിറ്റിയില്‍ പ്രകാശ് കാരാട്ട് യെച്ചൂരിയുടെ പേര് നിര്‍ദേശിക്കുകയും എസ് രാമചന്ദ്രന്‍ പിള്ള പിന്തുണക്കുകയും ചെയ്തു.
സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും കേരള ഘടകത്തിന്റെയും നിലപാടുകള്‍ മറികടന്നാണ് യെച്ചൂരി സി പി എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായത്. നാല് പേരെ ഉള്‍പ്പെടുത്തി പുതിയ പതിനാറ് അംഗ പോളിറ്റ് ബ്യൂറോയെയും 91 അംഗ കേന്ദ്ര കമ്മിറ്റിയെയും തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയില്‍ അഞ്ച് സ്ഥിരം ക്ഷണിതാക്കളും അഞ്ച് പ്രത്യേകം ക്ഷണിതാക്കളുമുണ്ട്. പി സുന്ദരയ്യക്കു ശേഷം ആന്ധ്രയില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന രണ്ടാമത്തെ നേതാവാണ് അറുപത്തിരണ്ടുകാരനായ യെച്ചൂരി.
സുഭാഷിണി അലി, മുഹമ്മദ് സലിം, ഹന്നന്‍ മുള്ള, ജി രാമകൃഷ്ണ എന്നിവരാണ് പോളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങള്‍. ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍, കെ വരദരാജന്‍ എന്നിവരെ പി ബിയില്‍ നിന്ന് ഒഴിവാക്കി. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, ബിമന്‍ബസു, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബി വി രാഘവുലു, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, എ കെ പത്മനാഭന്‍, സൂര്യകാന്ത മിശ്ര എന്നിവര്‍ പി ബിയില്‍ തുടരും.
രാവിലെ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന കാര്യത്തില്‍ രണ്ട് ചേരികളുണ്ടെന്ന് പ്രകാശ് കാരാട്ട് അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറിയെ പുതിയ കേന്ദ്ര കമ്മിറ്റി തീരുമാനിക്കട്ടെയെന്ന കാരാട്ടിന്റെ നിര്‍ദേശം അംഗങ്ങള്‍ സ്വാഗതം ചെയ്തു. വോട്ടെടുപ്പ് വേണമെങ്കില്‍ പോലും ആകാമെന്ന നിലപാടിലായിരുന്നു ബംഗാള്‍ ഘടകം. ഇതോടെ മത്സരത്തിനില്ലെന്ന് എസ് ആര്‍ പി നിലപാടെടുക്കുകയായിരുന്നു.
ശനിയാഴ്ച അര്‍ധരാത്രി വരെ നീണ്ട പോളിറ്റ് ബ്യൂറോ യോഗത്തില്‍ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. എസ് ആര്‍ പി ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന നിര്‍ദേശമാണ് കാരാട്ട് മുന്നോട്ടുവെച്ചത്. ഈ സമയം യെച്ചൂരിക്ക് വേണ്ടിയും അംഗങ്ങള്‍ വാദിച്ചു. പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ എട്ട് പേര്‍ എസ് ആര്‍ പിയെ പിന്തുണച്ചപ്പോള്‍ അഞ്ച് പേരാണ് യെച്ചൂരിക്ക് വേണ്ടി വാദിച്ചത്.
പി ബിയിലെ മുന്‍തൂക്കവും സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടിന്റെ നിലപാടും കൂടിയായതോടെ എസ് ആര്‍ പി ജനറല്‍ സെക്രട്ടറിയാകുമെന്ന പ്രതീതിയുണ്ടായി. എന്നാല്‍, വിഷയം കേന്ദ്ര കമ്മിറ്റിക്ക് മുമ്പിലേക്ക് വന്നതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. ഒറ്റക്കെട്ടായി നിന്ന കേരള ഘടകത്തില്‍ നിന്ന് പോലും യെച്ചൂരിക്ക് അനുകൂലമായി ശബ്ദമുയര്‍ന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷവും യെച്ചൂരിക്ക് അനുകൂലമായി നിന്നതോടെ മത്സരത്തിന്റെ പ്രതീതി ഉയര്‍ന്നു.
ഈ ഘട്ടത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ മത്സരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. യെച്ചൂരി ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന മണിക് സര്‍ക്കാറിന്റെ നിലപാടും നിര്‍ണായകമായി. മത്സരിച്ചാല്‍ തോല്‍ക്കും എന്ന ഘട്ടം വന്നതോടെ കാര്യങ്ങളുടെ ഗതി മനസ്സിലാക്കിയ എസ് ആര്‍ പി സ്വയം പിന്മാറി. അതോടെ മത്സരം ഒഴിവാകുകയായിരുന്നു.