കര്‍ഷക പെന്‍ഷന്‍ പാഴ്‌വാക്കാകരുത്

Posted on: April 19, 2015 4:16 am | Last updated: April 18, 2015 at 11:18 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവചിച്ച ‘നല്ലനാളുകള്‍’ വരവായെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. അതിന് ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അങ്ങനെയാണ് നാട്ടിലെ കാര്യങ്ങളുടെ കിടപ്പ്. പറയാനുള്ള കാര്യം വളച്ചുകെട്ടില്ലാതെ കണിശമായും കര്‍ക്കശമായും പറയുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രഖ്യാപനമാണ് ചിന്തക്ക് വഴിവെച്ചത്. ’60 കഴിഞ്ഞ കര്‍ഷകര്‍ക്ക് 5,000 രൂപ മാസാന്ത കേന്ദ്ര പെന്‍ഷന്‍’ നല്‍കുമെന്നാണ് രാജ്‌നാഥ് സിംഗിന്റെ പ്രഖ്യാപനം. ആയകാലം മുതല്‍ നമ്മെ ഊട്ടാനും ഉടുപ്പിക്കാനും പാടത്തും പറമ്പിലും എല്ലുമുറിയെ പണിയെടുത്ത, 60 കഴിഞ്ഞ കര്‍ഷക ലക്ഷങ്ങളെ കുറിച്ച് ഓര്‍ക്കാന്‍ കേന്ദ്രത്തില്‍ ഒരു മന്ത്രിയുണ്ടായെന്നത് അഭിനന്ദനീയമാണ്. പ്രായമാകുംതോറും ശാരീരികമായി തളരുന്ന കര്‍ഷകരുടെ സാമൂഹിക, സാമ്പത്തിക സുരക്ഷ ലക്ഷ്യംവെച്ചാണ് മോദി സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്ന് പാറ്റ്‌നയില്‍ ബി ജെ പിയുടെ ഒരു റാലിയില്‍ രാജ്‌നാഥ് സിംഗ് വിശദീകരിച്ചു. തീര്‍ച്ചയായും കര്‍ഷകലക്ഷങ്ങള്‍ക്ക് ‘അച്ഛേ ദിന്‍’ സമാഗതമാകുകയാണെന്ന് നമുക്ക് ആശിക്കാം. പ്രഖ്യാപനം ആത്മാര്‍ഥമാണെന്ന് കാലം തെളിയിക്കണമെന്ന് മാത്രം.
എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ടില്‍ (ഇ പി എഫ്)അംഗങ്ങളായ, തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയാക്കാന്‍ പച്ചക്കൊടി കാട്ടിയത് ബി ജെ പി നയിക്കുന്ന എന്‍ ഡി എ സര്‍ക്കാറാണെന്നത് ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. രാജ്യത്തെ 32 ലക്ഷത്തിലേറെ തൊഴിലാളി കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ ഈ പദ്ധതി രൂപകല്‍പന ചെയ്തത് മന്‍മോഹന്‍ സിംഗ് നയിച്ചിരുന്ന യു പി എ സര്‍ക്കാറായിരുന്നുവെങ്കിലും തീരുമാനം നടപ്പാക്കാന്‍ പച്ചക്കൊടി കാട്ടാനുള്ള ഭാഗ്യം മോദിക്കായിരുന്നു. പക്ഷേ, ഈ പദ്ധതി ഏപ്രിലിന് ശേഷം തുടരേണ്ടതില്ലെന്ന് ബി ജെ പി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. കാരണം പറയുന്നത് ഫണ്ടില്ലായ്മയും. ഇ പി എഫ് അക്കൗണ്ടില്‍ അവകാശികളില്ലാത്ത 6,000 കോടി രൂപയുണ്ട്. കൂടാതെ പബഌക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ 3,000 കോടി രൂപയും നിക്ഷേപമായുണ്ട്. തൊഴിലാളികള്‍ ചോരനീരാക്കി സ്വരൂപിച്ച തുകയാണിത്. (രാഷ്ട്ര ഖജനാവ് കാലിയാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വായ്പയെടുക്കുന്നതും ഓഹരി കമ്പോളത്തില്‍ പണമിറക്കാന്‍ ഫണ്ട് കണ്ടെത്തുന്നതും ഇ പി എഫില്‍ നിന്നാണ്.) അതായത്, സര്‍ക്കാറിന് ഈ ഫണ്ടിന്മേല്‍ ഒരു നിലയിലും അവകാശവാദം ഉന്നയിക്കാനാകില്ല. പിന്നെ എങ്ങനെ കേന്ദ്രധനമന്ത്രാലയത്തിന് ഇതിന്മേല്‍ കൈവെക്കാനാകും?. സ്വാഭാവികമായും ഇ പി എഫ് വരിക്കാരുടെ കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയാക്കിയതിനെ അട്ടിമറിച്ച കേന്ദ്രധനമന്ത്രാലയത്തിനും മോദി സര്‍ക്കാറിനുമെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍.
ഇ പി എഫ് വരിക്കാരുടെ കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയാക്കാന്‍ യു പി എ സര്‍ക്കാറിന്റെ കാലത്ത് തീരുമാനമെടുത്തിട്ടും അത് പ്രാവര്‍ത്തികമാക്കുന്നത് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വെച്ച്താമസിപ്പിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട്മുമ്പ് കുറഞ്ഞ പെന്‍ഷന്‍ 1,000 രൂപയാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ പരിപാടി. പക്ഷേ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കരുതിയതിലും നേരത്തെയായി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി കിട്ടിയതിനുള്ള പല കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു പെന്‍ഷന്‍ കാര്യത്തിലുണ്ടായ അനാവശ്യ കാലതാമസം. അത് ബി ജെ പി മുതല്‍ക്കൂട്ടാക്കുകയും ചെയ്തു. ഏത് സര്‍ക്കാറാണെങ്കിലും നടപടികള്‍ തിരഞ്ഞെടുപ്പില്‍ കണ്ണും നട്ടാണ്. സമ്മതിദായകരുടെ കണ്ണില്‍ പൊടിയിടാനാണ് എല്ലാ പ്രഖ്യാപനങ്ങളും. 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് മാസാന്ത കേന്ദ്ര പെന്‍ഷനായി 5,000 രൂപവീതം നല്‍കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥിന്റെ പ്രഖ്യാപനവും തിരഞ്ഞെടുപ്പില്‍ കണ്ണുവെച്ചാണെന്ന് സംശയിക്കേണ്ടിവരും. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. ഇതിനകം തന്നെ ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരവേല ആരംഭിച്ചിട്ടുണ്ട്. പാറ്റ്‌നയിലെ റാലിയും മറ്റൊന്നല്ല. 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് പെന്‍ഷനായി 5,000 രൂപനല്‍കുമെന്ന രാജ്‌നാഥിന്റെ പ്രഖ്യാപനം അതിന്റെ ഭാഗമായേ കാണാനാകു. തൊഴിലാളികള്‍ സ്വരൂപിച്ച, അവരുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള ഫണ്ട് കൈയില്‍ കിടക്കുമ്പോഴും പെന്‍ഷന്‍ നല്‍കാന്‍ തടസവാദം ഉന്നയിക്കുന്ന കേന്ദ്ര ഭരണകൂടത്തെ അവര്‍ വെറുതെവിടുമെന്ന് കരുതുക വയ്യ. ബി ജെ പിയുമായുണ്ടായിരുന്ന ബന്ധം ബീഹാറില്‍ വിഛേദിച്ച നിതീഷ് കുമാര്‍, ജനതാപരിവാര്‍ സഖ്യത്തിനായി എല്ലാ ശ്രമവും നടത്തിവരികയാണ്. ഈ സഖ്യം ബി ജെ പിക്ക് കടുത്ത വെല്ലുവിളിയായിരിക്കും. അത് നേരിടാന്‍ മോദി സര്‍ക്കാറും പഠിച്ച പണി പതിനെട്ടും പയറ്റും. തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചല്ല കര്‍ഷക പെന്‍ഷന്‍ പ്രഖ്യാപനമെങ്കില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ മോദി സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം.