Connect with us

Kerala

മത്സ്യമേഖലയില്‍ കുറ്റമറ്റ രീതിയില്‍ പദ്ധതി നടത്തിപ്പിന് ഫിഷറീസ് വകുപ്പ്‌

Published

|

Last Updated

കൊച്ചി: ഫിഷറീസ് വകുപ്പില്‍ വിവിധ സ്‌കീമുകളില്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതികളുടെ പ്രൊജക്ട് ക്ലിനിക്കും വാര്‍ഷിക അവലോകനവും ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ക്കായി വ്യക്തിഗത ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് മെയ് 31 നകം പൂര്‍ത്തീകരിക്കുമെന്ന് ഡയറക്ടര്‍ പറഞ്ഞു.
സെമിനാറില്‍ വര്‍ക്കിംഗ് ഗ്രൂപ്പില്‍ സമര്‍പ്പിക്കുന്ന 14 ജില്ലകളിലെയും പദ്ധതികളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. ഓരോ ജില്ലകള്‍ക്കായി തനത് പദ്ധതികള്‍ രൂപീകരിച്ചാണ് വര്‍ക്കിംഗ് ഗ്രൂപ്പില്‍ സമര്‍പ്പിക്കുന്നത്. ഈ പദ്ധതികളുടെ പരിശോധനയാണ് പ്രൊജക്ട് ക്ലിനിക്കില്‍ നടക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതികള്‍ കുറ്റമറ്റ രീതിയിലും വ്യക്തമായ ആസൂത്രണത്തോടെയും നടപ്പാക്കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്. ജില്ലാതല ഉദ്യോഗസ്ഥ മേധാവികളും മത്സ്യഫെഡ്, ഫിര്‍മ, മത്സ്യ ബോര്‍ഡ്, അഡാക്, നിഫാം തുടങ്ങിയ വിവിധ ഏജന്‍സികളുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
മത്സ്യമേഖലയില്‍ 550 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ശുചിത്വ പദ്ധതി, തീരദേശ മേഖല വികസന പദ്ധതി, ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്ന മത്സ്യസമൃദ്ധി പദ്ധതി, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ നടപ്പാക്കുന്ന ഉപജീവന സഹായ പദ്ധതി തുടങ്ങിയവയാണ് വിവിധ ഏജന്‍സികള്‍ വഴി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നത്. ആദ്യ ദിവസം വകുപ്പ് തല അവലോകനവും പദ്ധതികളുടെ പരിശോധനയുമാണ് നടന്നത്. രണ്ടാം ദിവസമായ ഇന്ന് വിവിധ ഏജന്‍സികളുടെ പദ്ധതി നടത്തിപ്പ് അവലോകനവും പുതിയ പദ്ധതികളുടെ പരിശോധനയും നടക്കും. അഡീഷണല്‍ ഡയറക്ടര്‍ വി എസ് സജീവ്, ജോയിന്റ് ഡയറക്ടര്‍ (അക്വാ കള്‍ച്ചര്‍) എസ് അജയന്‍, ജോയിന്റ് ഡയറക്ടര്‍ (ഹെഡ് ക്വാര്‍ട്ടേഴ്‌സ്) ആര്‍ സന്ധ്യ, സോണല്‍ ജോയിന്റ് ഡയറക്ടര്‍മാരായ വി മനോമോഹന്‍, പ്രസന്ന കുമാര്‍, ഡോ. ദിനേശ് ചെറുവാട്ട്, ജില്ല ഓഫീസര്‍ കെ എം ഏലിയാസ്, ഏജന്‍സികളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ പങ്കെടുത്തു.

 

Latest