നമ്മുടെ കാലത്തെ കമ്മ്യൂണിസ്റ്റ് പ്രതിസന്ധികള്‍

Posted on: April 18, 2015 6:00 am | Last updated: April 17, 2015 at 11:49 pm

ഇന്ത്യന്‍ വലതുപക്ഷം ഇന്നും മുഖ്യശത്രുക്കളായി കാണുന്നത് നാല് ‘മ’ കളെയാണ്. മാര്‍ക്‌സിസം, മുസ്‌ലിം , മിഷനറിമാര്‍ , മാധ്യമം. ഇതു സൂചിപ്പിക്കുന്നത് മേല്‍പ്പറഞ്ഞ നാല് മ കളും ഇന്നും പ്രസക്തമാണെന്നാണ്. വലതുപക്ഷം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ഏതു തരത്തിലുള്ള വ്യവസ്ഥാമാറ്റങ്ങളെയും എതിര്‍ക്കുക മാത്രമല്ല ഏതോ വിദൂരഭൂതകാലത്ത് കൂടുതല്‍ മെച്ചപ്പെട്ട ഒരു സാമൂഹിക വ്യവസ്ഥ നിലവിലുണ്ടായിരുന്നു എന്ന വ്യാജപ്രചാരണം നടത്തി യുക്തിശൂന്യമായ ഗൃഹാതുരത്വം ഉണര്‍ത്തി മനുഷ്യരെ പിന്നോട്ട് നടക്കാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക ശക്തികളെയാണ്. ആരാണെന്നു പ്രത്യേകം പറയേണ്ടതില്ല. ഇന്നു രാജ്യഭാരം ഏറ്റെടുത്തിരിക്കുന്ന ബി ജെ പിയും സഖ്യകഷികളും അവരുടെ സാംസ്‌കാരിക മുഖമായ ഹിന്ദുത്വശക്തികളും തന്നെ. സംശയം വേണ്ട.
ഇഷ്ടമില്ലാത്ത പട്ടിയെ തല്ലിക്കൊല്ലുന്നതിനു മുമ്പ് അത് പേപ്പട്ടിയാണെന്ന പ്രചാരണം നടത്താറുണ്ട്. അതുപോലെയാണ് മാര്‍ക്‌സിസം മുതല്‍ മാധ്യമം വരെയുള്ള നാലും അപ്രസക്തമാണെന്ന് നടത്തുന്ന പ്രചരണം. മാര്‍ക്‌സിസത്തിന്റെ ഏതുകാലത്തെയും പ്രസക്തി അത് കുറ്റമറ്റ ഒരു സാമൂഹികവിശകലന സമ്പ്രദായമെന്നതാണ്. നമുക്കു ചുറ്റുമുള്ള സമൂഹത്തെ വ്യാഖ്യാനിക്കുകയല്ല അതിനെ മാറ്റുകയാണ് ആവശ്യം എന്ന കണ്ടെത്തലില്‍ നിന്നാണ് മാര്‍ക്‌സിസം അതിന്റെ സാമൂഹികപാഠങ്ങളുടെ കെട്ടഴിച്ചു തുടങ്ങുന്നത്. മുസ്‌ലിം/ഇസ്‌ലാം എന്നത് കേവലം ഒരു സംഘടിതമതം എന്നതിനപ്പുറംഅത് മതപൈതൃകങ്ങളുടെ ഒരു സമന്വയവും ഭാവിയുടെ മതമെന്ന നിലയില്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഏക മത പ്രത്യയശാസ്ത്രവും ആണ്. മിഷനറി എന്ന ആര്‍ എസ് എസ് പ്രയോഗം ഉദ്ദേശിക്കുന്നത് ക്രൈസ്തവ മിഷനറിമാരെയാണ്. എന്തൊക്കെ ദോഷങ്ങള്‍ ആരോപിച്ചാലും മനുഷ്യന്റെ തലയ്ക്കുള്ളില്‍ ആദ്യമായി ഒരു ഏകലോകസങ്കലല്‍പം നട്ടുവളര്‍ത്തിയതിലും പരിഷ്‌കൃത വിദ്യാഭ്യാസത്തിലൂടെ സാര്‍വ്വത്രികമായ മനുഷ്യവിമോചനം എന്ന ആശയം ലോകവ്യാപകമായി വളര്‍ത്തിക്കൊണ്ടു വന്നതിലും ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കുള്ള പങ്ക് ആര്‍ക്കും തള്ളിക്കളയാനാകില്ല. മാധ്യമം- മനുഷ്യാവകാശസംരക്ഷണത്തിലും ആശയാവിഷ്‌കരണ രംഗത്തും ദിവസംതോറും പുതിയ വഴിത്താരകള്‍ വെട്ടിത്തുറന്നുകൊണ്ടിരിക്കുന്നു എന്നതിനെ ആര്‍ക്കാണ് നിഷേധിക്കാനാകുക?
ഇപ്പറഞ്ഞ നാല് വിഷയങ്ങളെയും കൂട്ടായി ആക്രമിച്ചു നിര്‍വീര്യമാക്കുന്നതിലും എളുപ്പം കൂടുതല്‍ ശക്തമായ ഓരോന്നിനെ ഒറ്റതിരിച്ചാക്രമിക്കുക എന്ന തന്ത്രമാണ് വലതുപക്ഷ അടവ്. വലതുപക്ഷം എന്നു പറയുമ്പോള്‍ അതിനെ ബി ജെ പി – സംഘപരിവാര്‍ കേന്ദ്രങ്ങളെന്നു മാത്രം അര്‍ഥമാക്കേണ്ടതില്ല. സാമൂഹികമാറ്റങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന പ്രതിലോമശക്തികള്‍, പല പേരുകളില്‍, പല ഭാവങ്ങളില്‍ സാര്‍വത്രികമാണ്. കോണ്‍ഗ്രസ്സിലും അതിന്റെ സഖ്യശക്തികളിലും മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും അതിന്റെ സഖ്യശക്തികളിലും പോലും പലതരത്തിലുള്ള വലതുപക്ഷസാന്നിധ്യം പ്രകടമാണ്. പ്രാദേശിക സങ്കുചിതത്തവാദങ്ങള്‍, ഒരു നേതാവിനു ചുറ്റും സൃഷ്ടിക്കപ്പെടുന്ന കൃത്രിമമായ പ്രതിച്ഛായയില്‍ അഭിരമിക്കല്‍, ബൂര്‍ഷ്വാ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സുഖസൗകര്യങ്ങളില്‍ ആകൃഷ്ടരാകല്‍, മതന്യൂനപക്ഷങ്ങളെ വെറും വോട്ടുബാങ്കുകളായി മാത്രം കണ്ട് അകറ്റി നിര്‍ത്തല്‍, അവര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ആന്തരികസംഘര്‍ഷങ്ങളില്‍ സത്യസന്ധമായി ഇടപെടുന്നതിനുള്ള വിമുഖത എന്നിങ്ങനെ പലമുഖങ്ങളുണ്ട് ഇടതു ക്യാമ്പിലെ വലതാഭിമുഖ്യങ്ങള്‍ക്ക്.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെതില്‍ നിന്നു വ്യത്യസ്തമായി താഴെതലം മുതലുള്ള കൂടിയാലോചനകളും സംഘടനാതത്വങ്ങള്‍ കൃത്യമായി പിന്‍തുടര്‍ന്നുകൊണ്ടുള്ള ഉള്‍പാര്‍ട്ടി ജനാധിപത്യവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുന്ന പാര്‍ട്ടികളെന്ന നിലയില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ സമ്മേളനങ്ങളെ കൗതുകത്തോടെ ഉറ്റുനോക്കുന്ന ധാരാളം പാര്‍ട്ടി സഹയാത്രികര്‍ കേരളത്തിലുണ്ട്. ആ നിലയ്ക്കു സി പി എമ്മിന്റെയും സി പി ഐയുടെയും പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ പ്രത്യേക താത്പര്യത്തോടെയാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ലോകവ്യാപകമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു നേരിടേണ്ടിവന്ന തിരിച്ചടികളും കമ്മ്യൂണിസ്റ്റുപ്രത്യയശാസ്ത്രം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുണ്ടെങ്കില്‍ അത് സാമ്രാജ്യത്വ ശക്തികളെയും അവര്‍ കെട്ടഴിച്ചുവിട്ടിട്ടുള്ള ഉപഭോഗാസക്തി വളര്‍ത്തുന്ന വിപണികേന്ദ്രീകൃത സാമ്പത്തിക ശക്തികളെയും മാത്രമാണ്. ആ നിലക്കു ഒന്നുകില്‍ കമ്മ്യൂണിസത്തിന്റെ തെറ്റുകള്‍ തിരുത്തുക. അല്ലെങ്കില്‍ അതിനൊരു കാര്യക്ഷമമായ ബദല്‍ നിര്‍ദേശിക്കുക. അതിനു പകരം വ്യക്തികളെ കേന്ദ്രീകരിച്ചു പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പടലപ്പിണക്കങ്ങളെ പര്‍വതീകരിച്ച് എല്ലാ പാര്‍ട്ടികളും കണക്കാണ് എന്ന അരാഷ്ട്രീയ നിലപാടുകളെ ശക്തിപ്പെടുത്തുന്ന മാധ്യമ വിചാരങ്ങള്‍ അപ്രസക്തമാണ്.
പാര്‍ട്ടി അണികളും അനുഭാവികളും ചര്‍ച്ച ചെയ്യേണ്ടിരുന്നതും ചെയ്യാന്‍ മടിക്കുന്നതുമായ ചില സുപ്രധാന വിഷയങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇപ്പോള്‍ ഏറെ വിവാദവിഷയമായിക്കഴിഞ്ഞിട്ടുള്ള ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത ജനാധിപത്യം എന്ന ആശയം. കേന്ദ്രീകൃതവും ജനാധിപത്യവും പരസ്പരവിരുദ്ധ ആശയങ്ങളാണ്. വികേന്ദ്രീകരണം ആണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുക. ഈ വിമര്‍ശം കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു മാത്രമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എന്തിനു മതസംഘടനകള്‍ക്കു പോലും ബാധകമാണ്. നയിക്കപ്പെടാന്‍ കുറെ മന്ദബുദ്ധികളും നയിക്കാന്‍ ഒരു നേതാവും എന്ന അറുപഴഞ്ചനും യാഥാസ്ഥിതികവുമായ കാഴ്ചപ്പാടില്‍ നിന്നും മുക്തമാകാത്ത ഒരു സമൂഹത്തില്‍ ജനാധിപത്യം വെറും കെട്ടുകാഴ്ചയും അലങ്കാരപ്രയോഗവും മാത്രമായിരിക്കും. അധികാരം അഴിമതിയിലേക്കും സമ്പൂര്‍ണാധികാരം സമ്പൂര്‍ണ അഴിമതിയിലേക്കും നയിക്കുന്നു എന്നതില്‍ ആര്‍ക്കാണ് സംശയം? തനിക്കു ശേഷം പ്രളയം എന്ന തലമുതിര്‍ന്ന നേതാവിന്റെ അവകാശവാദമാണല്ലോ കോണ്‍ഗ്രസ്സിനെ മാത്രമല്ല ഇന്ത്യയിലെ സര്‍വരാഷ്ട്രീയ പാര്‍ട്ടികളെയും കൊച്ചുകൊച്ചു കഷണങ്ങളാക്കി മുറിച്ചത്. ഇത്തരം ദൗര്‍ബല്യങ്ങളില്‍ നിന്നും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും വിമുക്തമല്ലെന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിളര്‍പ്പെന്ന അപകടം ഒഴിവാക്കാനാണ് ബൂര്‍ഷ്വാ പാര്‍ട്ടികള്‍ ഗ്രൂപ്പു രാഷ്ട്രീയം കളിക്കുന്നത്. ലെനിനിസ്റ്റ് സംഘടനാതത്വം എന്നൊക്കെപ്പറഞ്ഞ് ഉള്‍പ്പോരു സജീവമായി നിലനിറുത്തിക്കൊണ്ടു തന്നെ മേല്‍ഘടകങ്ങള്‍ അവരുടെ ഇഷ്ടത്തിനൊത്തുള്ള വ്യക്തിയെ നേതൃത്വത്തില്‍ പ്രതിഷ്ഠിക്കുന്നതിനെ ഐക്യകണ്‌ഠേനയുള്ള തീരുമാനം എന്നൊക്കെപ്പറഞ്ഞാല്‍ അതൊന്നും ആളുകള്‍ വിശ്വസിക്കില്ല. ചര്‍ച്ചചെയ്യാന്‍ വിഷയങ്ങളും സമരം നടത്താനുള്ള ഭൗതികസാഹചര്യങ്ങളും ഇല്ലാതെ വരുമ്പോഴാണ് എല്ലാ ചിന്തകളും ഒരു നേതാവില്‍ കേന്ദ്രീകരിക്കേണ്ടി വരുന്നത്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളിലൂടെയുള്ള അധികാരവികേന്ദ്രീകരണം അതായിരിക്കണം ദീര്‍ഘകാലം പ്രവര്‍ത്തനക്ഷമമായി നില്‍ക്കണം എന്നാഗ്രഹിക്കുന്ന ഏതു സംഘടനയും പ്രസ്ഥാനവും അതിന്റെ മുഖമുദ്രയായി സ്വീകരിക്കേണ്ടത്.
തത്വത്തില്‍ എന്തുതന്നെ പറഞ്ഞാലും പ്രയോഗത്തില്‍ ഇതിനു കടകവിരുദ്ധമായ രീതികളാണ് ലോകത്തിലെ ഒട്ടുമിക്ക കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും അവലംബിച്ചു പോരുന്നത്. പൂര്‍ണമായ നിര്‍വചനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും വിധേയപ്പെടാത്ത ചില സിദ്ധാന്തങ്ങളുടെ പടിവാതില്‍ക്കല്‍കൊണ്ടുവന്നു ഉടച്ചുകളയാനുള്ളതല്ല കമ്മ്യൂണിസം ലക്ഷമാക്കുന്ന ചൂഷണവിമുക്തസമൂഹം എന്ന സ്വപ്‌നം. ലോകത്തെ മാറ്റിത്തീര്‍ക്കുക എന്ന വിപ്ലവപ്രയോഗത്തിലൂടെയുള്ള സ്വാതന്ത്ര്യസാക്ഷാത്കാരം അതാണ് മാര്‍ക്‌സിസത്തിന്റെ അന്തസത്തയെങ്കില്‍ ആ വഴിക്കു മാര്‍ക്‌സിനു മുമ്പും പിമ്പും നടത്തിയിട്ടുള്ള അന്വേഷണങ്ങളെ കൂടെ ഈടുവെയ്പുകളായി അംഗീകരിക്കാന്‍ മാര്‍ക്‌സിറ്റുകാര്‍ തയ്യാറാകണം. ജനങ്ങളില്‍ ഭൂരിപക്ഷവും ഏതെങ്കിലും ഒരു മതവിശ്വാസത്തില്‍ അഭയം തേടി തങ്ങളുടെതാത്ക്കാലിക സങ്കടങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നവരാണെന്നു വരുമ്പോള്‍ മതവിശ്വാസികളെ ശത്രുനിരയില്‍ നിറുത്തിക്കൊണ്ട് ഒരു കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കും അധിക ദൂരം മുന്നോട്ട് പോകാനാകുകയില്ലെന്നതിനു ദൃഷ്ടാന്തമാണ് ലോകകമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ ചരിത്രം. ആ നിലക്കു മതത്തെ ഒരു അക്കാദമിക് വിഷയമായി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി മതേതരം, സെക്കുലര്‍ എന്നൊക്കെപ്പറയുന്ന പാര്‍ട്ടികള്‍ നേടേണ്ടതുണ്ട്. ഒരുവശത്ത് മതം മൊത്തം അന്ധവിശ്വാമാണെന്ന നിലപാട് പ്രചരിപ്പിക്കുകയും മറുവശത്ത് മതവിശ്വാസികളുടെ വോട്ടു തട്ടിയെടുക്കുക എന്ന ഒരേഒരു ലക്ഷ്യത്തോടെ മതത്തിനുള്ളിലെ വിഭാഗീയ താത്പര്യക്കാരായ പ്രമാണിമാരുമായി വിലപേശല്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുക- ഈ തന്ത്രമാണ് ഇവിടുത്തെ മുഖ്യധാരാരാഷ്ട്രീയ കക്ഷികളെല്ലാം അവലംബിച്ചു പോരുന്നത്. ഇതിനൊരു മാറ്റം വരുത്തുന്നതെങ്ങനെയെന്ന അന്വേഷണത്തില്‍ ചുരുങ്ങിയ പക്ഷം കമ്മ്യൂണിസ്റ്റുകാരെങ്കിലും വ്യാപരിക്കേണ്ടതുണ്ട്.
വൈരുധ്യധിഷ്ഠിത ഭൗതികവാദം പോലെ തന്നെ അമൂര്‍ത്തമായ മറ്റൊരു സങ്കല്‍പമാണ് വര്‍ഗസമരവും അതിന്റെ പൂര്‍ത്തീകരണത്തില്‍ സ്ഥാപിതമാകും എന്നു പ്രതീക്ഷിക്കുന്ന തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും എന്ന ആശയം. സമൂഹം വര്‍ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നും ആത്യന്തികമായി ഉള്ളവരും (haves) ഇല്ലാത്തവരും (havenots) എന്നിങ്ങനെ രണ്ടേരണ്ട് വര്‍ഗങ്ങളേ നിലനില്‍ക്കുന്നുള്ളുവെന്നും മറ്റെല്ലാം ബൂര്‍ഷ്വാസി സ്വന്തം താത്പര്യങ്ങളെ കരുതി ഉണ്ടാക്കിവെക്കുന്ന കുത്തിത്തിരിപ്പുകളാണെന്നുമുള്ള കാറല്‍മാര്‍ക്‌സിന്റെ കണ്ടെത്തലിനെ പാടെ തള്ളിക്കളയാന്‍ കഴിയില്ല. വ്യവസായവിപ്ലവാനന്തര യൂറോപ്പിന്റെ അനുഭവം മറ്റൊന്നായിരുന്നു. ‘നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍, കിട്ടാനുള്ളത് പുതിയൊരു ലോകം’ എന്ന മുദ്രാവാക്യം ഇന്നു ആരേയും ആവേശം കൊള്ളിക്കുന്നില്ല. നഷ്ടപ്പെടുവാന്‍ പലതും ഉള്ളവരും കിട്ടാന്‍ ഒരു പുതിയ ലോകവും തങ്ങള്‍ക്കു മുമ്പില്‍ ഇല്ലെന്ന ബോധ്യമുള്ളവരും ആയ ഒരു ഇടത്തരം സമ്പന്നവര്‍ഗമാണ് ഇന്നു പഴയ തൊഴിലാളിവര്‍ഗത്തിന്റെ സ്ഥാനം കൈയടക്കിയിരിക്കുന്നത്.
സംഘടിച്ചു ശക്തരാകാന്‍ കഴിയുന്നത് തൊഴിലാളിക്കു മാത്രമാണെന്ന പഴയ കമ്മ്യൂണിസ്റ്റ് ധാരണയും കടപുഴകി എറിയപ്പെട്ടിരിക്കുന്നു. തൊഴിലാളികളെക്കാള്‍ സംഘടിതശേഷി മുതലാളിമാര്‍ കൈവരിച്ചിരിക്കുന്നു. പ്രൈവറ്റ്ബസ് തൊഴിലാളികളുടെ സമരത്തെയല്ല പ്രൈവറ്റ്ബസുടമാ സംഘത്തിന്റെ സമരത്തെയാണ് ഇന്നു സാധാരണ ബസ് യാത്രക്കാര്‍ ഭയപ്പെടുന്നത്. വ്യാപാരിവ്യവസായി സംഘത്തിനു മാത്രമല്ല കേവലം ബാറുടമാസംഘത്തിനു പോലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ മുള്‍മുനയില്‍ നിര്‍ത്തി ഉദ്ദിഷ്ടകാര്യലബ്ധി അനായാസം കൈവരിക്കാമെന്ന അവസ്ഥ സംജാതമായിരിക്കുന്നു. മാര്‍ക്‌സിസ്റ്റു സങ്കല്‍പപ്രകാരം തൊഴിലാളിയുടെ അവസാനത്തെ ആയുധമായിരുന്ന പണിമുടക്കായുധം തൊഴിലുടമകള്‍ അവരില്‍ നിന്നു തട്ടിപ്പറിച്ചു സ്വന്തമാക്കിയിരിക്കുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നിസ്സഹായരായി തെരുവിലേക്കെറിയപ്പെടുന്നു. സംഘടിത തൊഴിലാളികള്‍ മറ്റൊരു പുത്തന്‍ സമ്പന്നവര്‍ഗമായി വളരുന്നു. അനുദിനം വര്‍ധിച്ചുവരുന്ന അവരുടെ വാങ്ങല്‍ ശേഷിയോട് മത്സരിച്ചു നില്‍ക്കാനാകാത്ത ജനസാമാന്യത്തിലെ ഭൂരിപക്ഷവും ഒരുതരം പ്രാന്തവത്കൃതജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. തൊഴിലാളിവര്‍ഗ താത്പര്യം എന്നത് ഒരധരവ്യായാമം ആയി പരിണമിച്ച കാലത്ത് വര്‍ഗസമരം സംബന്ധിച്ച പഴകിയ പാഠങ്ങള്‍ക്കു ചുരുങ്ങിയ പക്ഷം ചില പുനര്‍വ്യാഖ്യാനങ്ങളെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു.
വര്‍ഗസമരത്തിന്റെ അനിവാര്യമായ വിജയവും അനന്തരം സ്ഥാപിക്കപ്പെടുന്ന തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒരു വിദൂര ലക്ഷ്യമായി ഇപ്പോഴും കൊണ്ടുനടക്കുന്നു എന്നത് വിചിത്രമാണ്. ഇതിനുള്ള ഒരു ഭൗതിക സാഹചര്യം ഇന്നു ലോകത്തൊരിടത്തും ഇല്ല. കേന്ദ്രീകൃത ജനാധിപത്യം എന്ന ആശയം പോലും തൊഴിലാളിവര്‍ഗസര്‍വാധിപത്യം സ്ഥാപിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോട് ബന്ധപ്പെടുത്തിയാണ് മാര്‍ക്‌സിസം ലെനിനിസം അതിന്റെ നയപരിപാടികളുടെ ഭാഗമാക്കിയിരിക്കുന്നത്. തൊഴിലാളിവര്‍ഗസര്‍വാധിപത്യം കമ്മ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനദശയിലെ ഒരു അനിവാര്യഘട്ടം എന്ന കണ്ടെത്തലായിരുന്നു മാര്‍ക്‌സിന്റേത്. ന്യൂനപക്ഷത്തിന്റെ മേല്‍ ഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമെന്നാണ് ലെനിന്‍ ഇതിനെ നിര്‍വചിച്ചത്. അതു ക്രമേണ ന്യൂനപക്ഷമായ പാര്‍ട്ടി ഭൂരിപക്ഷത്തിനു മേല്‍ നടത്തുന്ന സര്‍വാധിപത്യമായും അതും മറികടന്നു ഏതാനും പേര്‍ മാത്രം വരുന്ന പോളിറ്റ്ബ്യൂറോയുടെയും അതില്‍തന്നെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന നേതാവിന്റെയും ഏകാധിപത്യമായും പരിണമിക്കുന്ന അവസ്ഥ സംജാതമായി. ഫലത്തില്‍ കമ്മ്യൂണിസം എന്താണോ ലക്ഷ്യമാക്കിയത് അതിന്റെ നേര്‍ വിപരീതമായ ഫലമാണ് പഴയ സോവ്യറ്റു യൂനിയനിലെയും കിഴക്കന്‍യൂറോപ്പിലെയും പൊതുജീവിതത്തില്‍ ഉളവാക്കിയതെന്ന അനുഭവ വിവരണങ്ങളാണിപ്പോള്‍ ആ രാജ്യങ്ങളില്‍ നിന്നു നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അനുഭവ പാഠങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള അടവുതന്ത്രങ്ങളും നയപരിപാടികളും ആണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടത്.
(അവസാനിക്കുന്നില്ല,
കെ സി വര്‍ഗീസ് ഫോണ്‍ -9446268581)