വ്യോമ സുരക്ഷിതത്വം: ശൈഖ് മുഹമ്മദ് നിയമം പാസാക്കി

Posted on: April 17, 2015 6:58 pm | Last updated: April 17, 2015 at 6:58 pm

ദുബൈ: വ്യോമ രംഗത്തെ സുരക്ഷിതത്വത്തിനായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിയമം പാസാക്കി. ദുബൈയുടെ വ്യോമ മേഖലയില്‍ പറക്കുന്ന വിമാനങ്ങള്‍ ഉള്‍പെടെയുള്ളവയുടെ സുരക്ഷിതത്വം ഉറപ്പാക്കാനായാണ് നിയമം പാസാക്കിയിരിക്കുന്നത്. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ സി എ ഒ)ന്റെ നിലവാരത്തിലുള്ള നിയമമാണ് ദുബൈ വ്യോമ രംഗത്ത് സുരക്ഷിതത്വം ഉറപ്പാക്കാനായി പാസാക്കിയിരിക്കുന്നത്. വിമാനങ്ങളും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരിപൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണിത്. വിമാനങ്ങളുടെയും വിമാനത്താവളത്തിന്റെയും സുരക്ഷിതത്വത്തെ ഹനിക്കുന്ന യാതൊരു പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. വ്യോമ രംഗത്തെ സേവനങ്ങളും ഉപകരണങ്ങളുമെല്ലാം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം.
ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ദുബൈ വ്യാമ മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. മേഖലയുടെ സുരക്ഷിതത്വത്തിന് ഭീഷണിയായേക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ സംഭവിക്കാതിരിക്കാനാണ് കര്‍ശന നിരീക്ഷണം നടപ്പാക്കുന്നത്. നിലവിലുള്ള നിരീക്ഷണ സമ്പ്രദായത്തെ കുറേക്കൂടി കര്‍ക്കശമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യോമ രംഗത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്ടിക്കുന്നവര്‍ക്ക് പിഴ ചുമത്തും. ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനായിരിക്കും നിയമ ലംഘനം നിര്‍വചിക്കാനും പിഴ ചുമത്താനും അധികാരം ദുബൈ എമിറേറ്റിനകത്ത് വ്യോമ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാന്‍ ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. നിലവിലുള്ള വ്യോമ സുരക്ഷിതത്വത്തിനുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യാനും ആവശ്യമെങ്കില്‍ ഏതെങ്കിലും പ്രത്യേക നിയമം റദ്ദ് ചെയ്യാനുമെല്ലാം അതോറിറ്റിക്ക് അധികാരം നല്‍കിയിട്ടുണ്ട്.