Connect with us

Gulf

ദുബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം പിടികൂടിയത് 11.7 ലക്ഷം ദിര്‍ഹമിന്റെ വസ്തുക്കള്‍

Published

|

Last Updated

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം സുരക്ഷാ കാരണങ്ങളാല്‍ പിടിക്കപ്പെട്ടതും വിവിധ കാരണങ്ങളാല്‍ യാത്രക്കാര്‍ ഉപേക്ഷിച്ച് പോയതുമായ വസ്തുക്കളുടെ മൂല്യം 11.7 ലക്ഷം ദിര്‍ഹം വരുമെന്ന് അധികൃതര്‍.
ഇതില്‍ 9.3 ലക്ഷം ദിര്‍ഹമിനുള്ള വസ്തുക്കള്‍ ലഗേജില്‍ തൂക്കം അധികമായതിനാലും മറ്റും യാത്രക്കാര്‍ ഉപേക്ഷിച്ചുപോയവയാണ്. 2.4 ലക്ഷം സുരക്ഷാ കാരണങ്ങളാലും മറ്റും കസ്റ്റംസ് വിഭാഗം പിടികൂടിയവയുമാണ്. വിമാനയാത്രയില്‍ കൊണ്ടുപോകാന്‍ അനുമതിയില്ലാത്ത വസ്തുക്കളാണ് പിടിക്കപ്പെട്ടതിലധികവും സുരക്ഷാകാരണങ്ങളാല്‍ പിടിച്ചെടുത്തവയുമുണ്ട്.
തൂക്കം അധികമായതിനാല്‍ ഉപേക്ഷിക്കപ്പെടുന്നവയിലധികവും വസ്ത്രങ്ങളും തുണിത്തരങ്ങളുമാണ്. ഭക്ഷ്യവസ്തുക്കളും ഇതില്‍പെടും. പിടിക്കപ്പെടുന്നവയിലുള്ള ഇലക്‌ട്രോണിക് സാധനങ്ങളും മറ്റും പരസ്യലേലത്തിലൂടെയാണ് വില്‍പന നടത്തുക. വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും മറ്റും രാജ്യത്തെ ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കുകയാണ് പതിവ്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ജീവകാരുണ്യ സംഘടനകള്‍ക്ക് വിമാനത്താവള അധികൃതര്‍ നല്‍കിയ 123 ടണ്‍ സാധനങ്ങളാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ പിടിക്കപ്പെടുന്നതും ഉപേക്ഷിക്കപ്പെടുന്നതുമായ സാധനങ്ങള്‍ വിമാനത്താവളത്തിനു കീഴിലുള്ള പ്രത്യേക വെയര്‍ഹൗസിലേക്ക് മാറ്റുകയാണ് പതിവ്. നിശ്ചിത കാലം അവിടെ സൂക്ഷിച്ച സാധനങ്ങള്‍ നിയമാനുസൃതകാലാവധി ശേഷമാണ് ലേലത്തിലൂടെയും മറ്റും വിറ്റൊഴിക്കുന്നത്. ഇവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സൂക്ഷിക്കുന്ന ഇലക്‌ട്രോണിക് ഡാറ്റാ സംവിധാനം വിമാനത്താവള സുക്ഷാ വിഭാഗം സൂക്ഷിച്ചുവരുന്നുണ്ട്. ഇത് കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തില്‍ പ്രത്യേക ഡയറക്ടറേറ്റ് തന്നെ പ്രവര്‍ത്തിച്ചുവരുന്നുമുണ്ട്.

Latest