അര്‍മീനിയന്‍ സംഭവം; വംശഹത്യയാണെന്ന് തുര്‍ക്കി അംഗീകരിക്കണം: ഇ യു

Posted on: April 17, 2015 5:24 am | Last updated: April 17, 2015 at 12:24 am

ഇസ്തംബുള്‍: അര്‍മീനിയയിലേത് വംശഹത്യ തന്നെയാണെന്ന് തുര്‍ക്കി അംഗീകരിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലിമെന്റ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളെ അസ്ഥിരപ്പെടുത്തുന്നതാണെന്ന് തുര്‍ക്കിയും പ്രതികരിച്ചു. തുര്‍ക്കി അവരുടെ ചരിത്ര രേഖകള്‍ തുറന്ന് തങ്ങളുടെ ഭൂതകാല ചെയ്തികളെ തിരിച്ചറിയണമെന്ന് യൂറോപ്യന്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ തുര്‍ക്കിയോട് ആവശ്യമുന്നയിച്ചു. അര്‍മീനിയന്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താനും അവര്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഉദ്യോഗസ്ഥരും മുന്നോട്ടുവരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തുര്‍ക്കി ഇതിനെ തള്ളിക്കളഞ്ഞു. 1915നും 1917നും ഇടയില്‍ നടന്ന വംശ സംഘട്ടനങ്ങളില്‍ നിരവധി അര്‍മീനിയക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്. സംഘര്‍ഷങ്ങളില്‍ മൂന്ന് ലക്ഷത്തിലധികം അര്‍മീനിയക്കാര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. എന്നാല്‍ അര്‍മീനിയയുടെ വിശദീകരണമനുസരിച്ച്, 15 ലക്ഷത്തോളം അര്‍മീനിയക്കാര്‍ കൊല്ലപ്പെട്ടു.