പശു തിന്ന റീത്ത്

Posted on: April 17, 2015 5:55 am | Last updated: April 16, 2015 at 10:36 pm

വളച്ചു കെട്ടില്ലാതെ പറയാമല്ലോ, റീത്തേ, നീ പാവമാണ്. മരിച്ചവരുടെ ദേഹത്ത് കിടക്കുന്ന നിന്നെ കണ്ടാല്‍ ആര്‍ക്കും തോന്നും സങ്കടം. ഇടം വലം നോക്കാതെയുള്ള നിന്റെ കിടപ്പ്. പാര്‍ട്ടിയേതെന്നറിയാതെ, പക്ഷമേതെന്നറിയാതെ ഒറ്റക്കിടപ്പ്. പൂക്കളാലും ഇലകളാലും വളച്ചുണ്ടാക്കിയ റീത്ത്. പാവപ്പെട്ടവനാണെന്നോ പണക്കാരനാണെന്നോ ഭേദമില്ലാതെ ആര്‍ക്കും നീ അനുശോചനത്തിന്റെ ആദ്യ പ്രതീകം.
ജീവിച്ചിരിക്കുമ്പോള്‍ കണ്ടില്ലെങ്കിലും മരിച്ചാല്‍ പുഷ്പചക്രവുമായി ആളുകളെത്തും. ആദ്യം ദേഹത്ത്, പിന്നെ കുഴിപ്പുറത്ത്, അതു കഴിഞ്ഞ് മിഴിപ്പുറത്ത്.
മുമ്പ് വലിയ ആളുകള്‍ മരിച്ചാല്‍ മാത്രമായിരുന്നു റീത്ത്. ഇന്ന് ആരു മരിച്ചാലും റീത്തെത്തും. ആദ്യമൊക്ക പാര്‍ട്ടിക്കാരുടെ റീത്ത് മാത്രം. നല്ല കാര്യം. പാര്‍ട്ടിയേതെന്നറിയാത്ത പ്രശ്‌നമില്ലല്ലോ?
പിന്നീട് റീത്തങ്ങ് വളര്‍ന്നു. കലാ സമിതി വക റീത്ത്. കുടുംബശ്രീക്കാരും റെസിഡന്റ്‌സ് അസോസിയേഷന്‍കാരും റീത്തുമായെത്തുന്നു. പെന്‍ഷന്‍കാര്‍ വരും റീത്തുമായി. ഇപ്പോള്‍ ഏതെണ്ടെല്ലാ പാര്‍ട്ടിക്കാരുടെ റീത്തും എത്തുന്നുണ്ട്. മരിച്ചയാളുടെ ബന്ധുക്കളുടെ പാര്‍ട്ടി വകയുമെത്തുന്നു റീത്ത്. അങ്ങനെ റീത്തിന്റെ എണ്ണം കൂടുന്നു. കാണുന്നവന് സംശയം, മരിച്ചവന്റെ പാര്‍ട്ടിയേതാ?
ലഡു ഇപ്പോള്‍ ഏത് നിറത്തിലും കിട്ടും. അതുപോലെയാകുമോ റീത്തും? ചുവപ്പ് റീത്ത്, കാവി റീത്ത്, വേണമെങ്കില്‍ പച്ചറീത്തും!
കത്താത്ത തെരുവ് വിളക്കിന് റീത്ത് വെക്കല്‍ സമരം നടക്കാത്ത ഏതെങ്കിലും പഞ്ചായത്തുണ്ടോ കേരളത്തില്‍? പണിയെടുക്കാത്ത ട്രാക്ടറിനും തകര്‍ന്ന റോഡിനും റീത്ത്. ഈ റീത്ത് സമര്‍പ്പണം ഒരു സമര മാര്‍ഗം!
കുറച്ച് മുമ്പ് നടന്നതാണ്. ഒരു പാര്‍ട്ടി അനുഭാവി മരിക്കുന്നു. ലോക്കല്‍ നേതാക്കള്‍ റീത്തിനായി വട്ടംകൂട്ടി. രാത്രിയല്ലേ, ടൗണിലെ റീത്ത് കട അടച്ചുകാണും. അടുത്തുള്ള വീടുകളില്‍ നിന്ന് പൂക്കളും ഇലകളും ശേഖരിച്ച് റീത്തുണ്ടാക്കാം.
മൃതദേഹം കുളിപ്പിച്ചതിന് ശേഷം എടുത്താല്‍ മതി റീത്ത്. അതുവരെ റീത്ത് അടുത്ത വീട്ടില്‍ കിടന്നോട്ടെ. നേതാവ് പറഞ്ഞു.
മൃതദേഹം കുളിപ്പിച്ചു കോലായില്‍ കിടത്തി. റീത്തുമായെത്താന്‍ നേതാവ് പറഞ്ഞു. കുറെ കഴിഞ്ഞിട്ടും റീത്തിന് പോയ അനുയായി വരുന്നില്ല. സഹികെട്ട നേതാവ് അടുത്ത വീട്ടിലേക്ക് ചെന്നു. അപ്പോഴാണ് ആ നഗ്‌ന സത്യം അറിഞ്ഞത്. റീത്ത് പശു തിന്നു!
വൈക്കോലിന് പുറത്ത് പൂക്കള്‍ തിരുകിയാല്‍ ഏത് പശുവാണ് റീത്ത് തിന്നാത്തത്?