നരിക്കുനിയില്‍ ചുഴലിക്കാറ്റ്: അമ്പലവും അങ്കണ്‍വാടിയും തകര്‍ന്നു, വന്‍ കൃഷിനാശം

Posted on: April 16, 2015 8:34 pm | Last updated: April 16, 2015 at 8:38 pm

narikkuni photo

നരിക്കുനി: നരിക്കുനിക്ക് സമീപം കളത്തില്‍പ്പാറയില്‍ വന്‍ ചുഴലിക്കാറ്റ്. അമ്പലവും അംഗണ്‍വാടിയുമുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. വന്‍കൃഷിനാശവുമുണ്ടായി. ഇന്ന് ഉച്ചക്ക് 1.50നാണ് പ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റ് അടിച്ചുവീശിയത്. അഞ്ച് മിനുട്ട് മാത്രം നീണ്ടുനിന്ന കാറ്റിന്റെ ശക്തിയില്‍ അര കിലോമീറ്ററോളം പ്രദേശത്താണ് വ്യാപക നാശനഷ്ടമുണ്ടായത്.

കളത്തില്‍പ്പാറ അംഗണ്‍വാടിയുടെ മേല്‍ക്കൂര തകര്‍ന്ന് അംഗണ്‍വാടി വര്‍ക്കര്‍ സുമതിക്ക് പരുക്കേറ്റു. ഈ സമയം അങ്കണ്‍വാടിയിലുണ്ടായിരുന്ന ടീച്ചറും രണ്ട് കുട്ടികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതിന് സമീപത്തുള്ള ഭഗവതി ക്ഷേത്രത്തിന്റെ 50 മീറ്റര്‍ നീളമുള്ള ഷെഡ് തകര്‍ന്നു. മൂന്ന് വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. തുവ്വയില്‍ ജയചന്ദ്രന്റെ വീടിന് മുകളിലേക്ക് സമീപത്തെ് കടയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. വാഴ, തെങ്ങ്, കമുക്, പന തുടങ്ങിയ കൃഷികളും നശിച്ചിട്ടുണ്ട്.