കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല:ജന ശതാബ്ദി ട്രെയിന്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

Posted on: April 15, 2015 2:08 am | Last updated: April 15, 2015 at 12:09 am

ഷിംല: കോടതി ഉത്തരവ് നടപ്പാക്കിയാല്‍ ഹിമാചല്‍ പ്രദേശിലെ കര്‍ഷകരായ മേളാ റാമും മദന്‍ ലാലും ഡല്‍ഹി- ഉന ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകളുടെ ഉടമകളായി മാറും. റെയില്‍ പാളമിടാന്‍ 1998ല്‍ ഏറ്റെടുത്ത റാമിന്റെയും ലാലിന്റെയും ഭൂമിക്ക് ഇതുവരെ റെയില്‍വേ നഷ്ടപരിഹാരം നല്‍കാത്തതാണ് ഈ അവസ്ഥ വരുത്തിവെച്ചത്.
നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ റെയില്‍വേയുടെ സ്വത്ത് കണ്ടുകെട്ടലിന്റെ ഭാഗമായാണ് ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ കണ്ടുകെട്ടാന്‍ ഉനയിലെ അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി മുകേഷ് ബന്‍സാല്‍ ഏപ്രില്‍ ഒമ്പതിന് ഉത്തരവിട്ടത്. ഏപ്രില്‍ 15നകം ഉത്തരവ് നടപ്പാക്കാനാണ് ആജ്ഞാപിച്ചിരിക്കുന്നത്. പണം നല്‍കിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടലിന്റെ ഭാഗമായി ഏപ്രില്‍ 16ന് കാലത്ത് അഞ്ച് മണിക്ക് ട്രെയിന്‍ ഉന സ്റ്റേഷനില്‍ നിര്‍ത്തിയിടണം.
മേള റാമിന് 8.91 ലക്ഷം രൂപയും മദന്‍ ലാലിന് 26.53 ലക്ഷം രൂപയുമാണ് സ്ഥലത്തിന്റെ വിലയായി റെയില്‍വേയില്‍ നിന്ന് കിട്ടാനുള്ളത്. ഈ പണത്തിനായി ഇരുവരും 2013ല്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതിയെ സമീപിച്ചതാണ്. ആറ് ആഴ്ചക്കകം പണം നല്‍കാന്‍ കോടതി റെയില്‍വേയോട് നിര്‍ദേശിക്കുകയും ചെയ്തു. പക്ഷെ നാളിതുവരെ റെയില്‍വേ പണം നല്‍കിയില്ല. അതിന്മേലാണ് ഡല്‍ഹി-ഉന ജനശതാബ്ദി ട്രെയിനുകള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്.
ഒരുപാട് തവണ ഭൂവുടമകള്‍ക്ക് കോടതി കയറേണ്ടിവന്നിട്ടുണ്ട്. റെയില്‍വേക്ക് വിട്ടുകൊടുത്ത ഭൂമിക്ക് ഉയര്‍ന്ന വില ലഭിക്കണമെന്നാവശ്യപ്പെട്ട് റാമും ലാലും നല്‍കിയ ഹരജിയില്‍ ജില്ലാ കോടതി നിരക്ക് വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിട്ടിട്ടുണ്ട്.