ഇന്ത്യന്‍ എംബസി സഹായിച്ചില്ല; യമനില്‍ നിന്ന് ഷാജീവ് തിരിച്ചെത്തിയത് കുവൈത്തിന്റെ കാരുണ്യത്തില്‍

Posted on: April 15, 2015 2:49 am | Last updated: April 14, 2015 at 11:49 pm

ചെറുപുഴ: യമനില്‍ കുടുങ്ങിയ മലയാളിയെ നാട്ടില്‍ തിരിച്ചെത്താന്‍ സഹായിച്ചത് കുവൈത്തിന്റെ കാരുണ്യം. നിരന്തരം ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെട്ടിട്ടും സഹായം ലഭിക്കാതെ ദുരിതം അനുഭവിക്കുകയായിരുന്ന കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയില്‍ പറോത്തുംനിരിലെ റിട്ട. സൈനികനായ നാരായണന്റെ മകന്‍ ഷാജിവ് കുമാറാ(37)ണ് കുവൈത്ത്, സിംഗപ്പൂര്‍ എംബസികളുടെ സഹായത്തോടെ കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയത്.
യമനില്‍ കലാപം തുടങ്ങിയത് മുതല്‍ ടി വിയില്‍ കാണിക്കുന്ന ഹെല്‍പ്‌ലൈന്‍ നമ്പറിലും എംബസി നമ്പറിലും വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്ന് ഷാജീവ് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ പി കരുണാകരന്‍ എം പിയുമായി ബന്ധപ്പെട്ടതിന് ശേഷമാണ് എംബസി ഷാജീവ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് 800 കി. മീ അകലെയുള്ള വിമാനത്താവളത്തില്‍ എത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ റോഡില്‍ സംഘര്‍ഷം രൂക്ഷമായതിനാല്‍ അങ്ങോട്ട് പോകാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ യമനില്‍ തുടരുകയാണെന്ന് എംബസിക്ക് കത്ത് നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
കത്ത് നല്‍കാത്തതിനെ തുടര്‍ന്ന് ഒമാന്‍ അതിര്‍ത്തിയില്‍ എത്താനും അവിടെ സൗകര്യമൊരുക്കിയതായും എംബസി പറഞ്ഞു. എന്നാല്‍ ഒമാന്‍ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ എംബസി അധികൃതരെ ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. ഒരു പകല്‍ മുഴുവന്‍ അതിര്‍ത്തിയില്‍ ഭക്ഷണമൊന്നും ലഭിക്കാതെ കഴിഞ്ഞതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ ഷാജീവ് കുമാറിന് സഹായവുമായി കുവൈത്ത്, സിംഗപ്പൂര്‍ അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. ഇവരാണ് ഭക്ഷണവും ചികിത്സയും നല്‍കിയത്. കുവൈത്ത് അധികൃതര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഒമാന്‍ വിസ നല്‍കി. ഇവര്‍ തന്നെ മലയാളികളുടെ ഹോട്ടലില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്നും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും സഹായമൊന്നും ലഭിച്ചില്ല.
കൈയിലുണ്ടായിരുന്ന കുറച്ച് പണവും അവിടുത്തെ മലയാളികള്‍ നല്‍കിയ തുകയും ഉപയോഗിച്ചാണ് നാട്ടിലേക്ക് ടിക്കറ്റ് എടുക്കാന്‍ സാധിച്ചത്. കൈയില്‍ ഒന്നുമില്ലാത്ത അവസ്ഥയിലാണ് മടങ്ങിയെത്തിയത്.
ഭാര്യ വിജയ, മകള്‍ സന എന്നിവരെ നാല് മാസം മുമ്പ് നാട്ടില്‍ കൊണ്ടുവിട്ട ശേഷം മടങ്ങിയതായിരുന്നു ഷാജീവ്. ഭീഷണി നേരിടുന്ന യമനിലെ മുന്‍ എം പിയുടെ സ്ഥാപനത്തിന് സമീപത്തായിരുന്നു ഷാജീവിന്റെ ജോലി.
എംബസിയുടെ അനാസ്ഥക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ഷാജീവ്.