കുട്ടികളില്ലാത്ത സ്‌കൂളുകള്‍ നിലനിര്‍ത്താനുള്ള പദ്ധതി; തുടര്‍ നീക്കങ്ങള്‍ അനിശ്ചിതത്വത്തില്‍

Posted on: April 13, 2015 2:18 am | Last updated: April 13, 2015 at 12:19 am

schoolകോഴിക്കോട്: വിദ്യാര്‍ഥികളില്ലാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് അടച്ചു പൂട്ടാനിരിക്കുന്ന സ്‌കൂളുകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതി തുടര്‍ നീക്കങ്ങളില്ലാത്തതിനാല്‍ അനിശ്ചിതത്വത്തില്‍ തുടരുന്നു. ആദ്യഘട്ടത്തില്‍ പദ്ധതിക്കായി ജാഗ്രതയോടെയുള്ള സമീപനങ്ങള്‍ ഉണ്ടായെങ്കില്‍ പീന്നീട് പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടത്ര വേഗതയില്ലാത്ത അവസ്ഥയാണ്.

സ്‌കൂളുകള്‍ നിലനിര്‍ത്താന്‍ ജനകീയ ഇടപെടലിലൂടെയുള്ള പ്രാദേശികമായ സഹകരണമാണ് സര്‍ക്കാര്‍ തേടിയിരുന്നത്. അറുപത് കുട്ടികളില്‍ താഴെ പഠിക്കുന്ന അനാദായകരമായ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. ഫോക്കസ് 2015 എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയിരുന്നത്. എസ് എസ് എയുടെ കീഴില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഓരോ ജില്ലയിലും അറുപത് കുട്ടികളില്‍ താഴെ പഠിക്കുന്ന സ്‌കൂളുകള്‍ നിലനില്‍ക്കുന്ന പ്രദേശത്തെ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, പി ടി എ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്ത് നിലവിലെ സാഹചര്യം മെച്ചപ്പെടുത്തുകയാണ് പ്രാഥമികമായി ചെയ്തത്. പ്രാദേശികമായി ഇത്തരത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചു ചേര്‍ത്തിരുന്നത്. കുട്ടികളില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകള്‍ ഏറ്റവും കൂടുതലുള്ളത് പത്തനംതിട്ടയിലും കുറവ് മലപ്പുറത്തുമാണ്. ഈ വിഷയത്തില്‍ സര്‍ക്കാറിന് മാത്രമായി പരിഹാരം കാണാനാവാത്തതിനാലാണ് പ്രാദേശിക സഹകരണം സര്‍ക്കാര്‍ തേടിയിരുന്നത്. ജില്ലാ പഞ്ചായത്തുകള്‍, മറ്റു തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഇടപെടലുകള്‍, എം എല്‍ എ, എം പിമാര്‍ എന്നിവരുടെ ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള പദ്ധതികള്‍, പി ടി എയുടെയും മറ്റു പ്രാദേശിക കമ്മറ്റികളുടെയും നേതൃത്വത്തിലുള്ള കൂടിയാലോചനകള്‍, പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണം എന്നിവയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം. വേനലവധിക്ക് സ്‌കൂളുകള്‍ അടച്ചതോടെ ഇനിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ അലസത തുടര്‍ന്നാല്‍ വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ എണ്ണം നിലവിലുള്ളതിനേക്കാള്‍ ഇനിയും കുറയാനാണ് സാധ്യത.