രാഷ്ട്രപതിയുടെ അനുമതി കാത്ത് പെസ ആക്ട്

Posted on: April 13, 2015 2:17 am | Last updated: April 13, 2015 at 12:18 am

attappadi-tribalsകല്‍പ്പറ്റ: ആദിവാസികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പെസ (പഞ്ചായത്ത് എക്‌സ്റ്റന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് ഏരിയ) ആക്ട് നടപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ശിപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. ആദിവാസി ഗോത്രമഹാസഭ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ നില്‍പുസമരത്തെതുടര്‍ന്നാണ് സംസ്ഥാന മന്ത്രിസഭ യോഗം ചേര്‍ന്ന് ധ്രുതഗതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഇതാണ് അനുമതി കാത്ത് കഴിയുന്നത്. കേരള ഗവര്‍ണര്‍ മുഖേനെയാണ് കേരളം കേന്ദ്രത്തിന് ശിപാര്‍ശ സമര്‍പ്പിച്ചത്. ഇത് അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ സമര്‍പ്പിക്കണം. രാഷ്ട്രപതിയാണ് ആദിവാസി പ്രദേശങ്ങളെ പ്രത്യേക പട്ടികവര്‍ഗ മേഖലകളായി പ്രഖ്യാപിക്കേണ്ടത്.
തുടര്‍ന്ന് കേരള ഗവര്‍ണര്‍ പെസ ആക്ട് ബാധകമാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും. മൂന്ന് മാസം മുമ്പ് സമര്‍പ്പിച്ച ശിപാര്‍ശയിന്‍മേല്‍ കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണങ്ങള്‍ ചോദിച്ചിരുന്നു. ഇതിന് മറുപടി നല്‍കി. ഇനി അധികം വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രതീക്ഷ. പെസ ആക്ടിന്റെ സാധ്യതയുമായി ബന്ധപ്പെട്ട് കേരള പട്ടികവര്‍ഗ വികസന മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ന്യൂഡല്‍ഹിയില്‍ വച്ച് നടത്തിയ ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. കേന്ദ്രം ശിപാര്‍ശ സമര്‍പ്പിച്ചാല്‍ രാഷ്ട്രപതിഭവനില്‍ നിന്ന് തടസമുണ്ടാകാനുള്ള സാധ്യത തീരെയില്ല. ആദിവാസി ഗോത്രമഹാസഭയുമായി നടത്തിയ ചര്‍ച്ചയില്‍ ആറളം (കണ്ണൂര്‍), വയനാട് ജില്ല മുഴുവന്‍, പാലക്കാട്ടെ അട്ടപ്പാടി ബ്ലോക്ക്, ഇടമലക്കുടി (ഇടുക്കി), മലപ്പുറം ജില്ലയിലെ ചോലനായ്ക്ക വിഭാഗം താമസിക്കുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പെസ ആക്ട് നടപ്പാക്കാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ആദിവാസികള്‍ കൂടുതലുള്ള പ്രദേശങ്ങളെ പ്രത്യേക പട്ടികവര്‍ഗ മേഖലകളാക്കി പ്രഖ്യാപിച്ച് അവര്‍ക്കു കൂടുതല്‍ പ്രാതിനിധ്യമുള്ള പഞ്ചായത്ത് മോഡല്‍ സംവിധാനമാണ് പെസ ആക്ട് വിഭാവനം ചെയ്യുന്നത്. ഇതുവഴി ആദിവാസി വിഭാഗങ്ങള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കും അവഗണനക്കും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.