സുക്മ: ദൗത്യത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് പരുക്കേറ്റ പോലീസുകാര്‍

Posted on: April 13, 2015 2:12 am | Last updated: April 13, 2015 at 12:12 am

റായ്പൂര്‍: കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിലെ ഏറ്റുമുട്ടല്‍ രീതിയെ കുറിച്ച് പരുക്കേറ്റ പോലീസുകാര്‍ക്ക് കടുത്ത അതൃപ്തി. നക്‌സലുകളുടെ ശക്തികേന്ദ്രത്തിലേക്ക് ചെറിയ പോലീസ് സംഘത്തെ അയച്ചതിനെതിരെയാണ് അംഗങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയരുന്നത്.ആവശ്യമായ മുന്‍കരുതല്‍ സംവിധാനങ്ങള്‍ പോലീസുകാരുടെ പക്കല്‍ ഉണ്ടായിരുന്നില്ല.
പരുക്കേറ്റ് രാംകൃഷ്ണ കെയര്‍ ആശുപത്രിയില്‍ കഴിയുന്ന പോലീസുകാര്‍ തങ്ങളുടെ വേദനകള്‍ പങ്കുവെച്ചു. സ്തീകളുള്‍പ്പെടെ 200 ഓളം തീവ്രവാദികളായിരുന്നു തങ്ങളെ ആക്രമിച്ചതെന്ന് പോലീസുകാര്‍ പറഞ്ഞു. 50 അംഗ സൈനികര്‍ പ്രദേശത്ത് നിന്ന് പോയ ശേഷം തങ്ങളോട് പ്രദേശത്ത് എത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസുകാര്‍ പറഞ്ഞു.
സ്ഥലത്തെത്തി അഞ്ച് മിനുട്ട് കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ മാവോയിസ്റ്റുകളെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് പരുക്കേറ്റ പോലീസുകാരനായ കിസെ ദേവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തീവ്രവാദികളുടെ ശക്തികേന്ദ്രത്തിലേക്ക് ചെറിയ പോലീസ് സംഘത്തെ അയച്ചത് അത്ഭുതപ്പെടുത്തുന്നുവെന്ന് സഞ്ജയ് ലക്ദ പറഞ്ഞു.
തീവ്രവാദികള്‍ തുരുതുരാ വെടിവെപ്പ് ആരംഭിച്ചതോടെ സഹപ്രവര്‍ത്തകര്‍ നിലത്ത് വീണു. വെടിവെപ്പ് രണ്ട് മണിക്കൂറോളം തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുക ദുഷ്‌കരമായിരുന്നു. ദൗത്യത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് ഗറില്ലാ ആക്രമണങ്ങളിലെ തന്ത്രശാലിയായ ബ്രിഗേഡിയര്‍ റിട്ട. ബി കെ പൊന്‍വാര്‍ പറഞ്ഞു. കൂടുതല്‍ സൈനികാംഗങ്ങള്‍ പ്രദേശത്തിനടുത്തുണ്ടായിട്ടും എന്ത് കൊണ്ടാണ് ചെറിയ സംഘത്തെ പ്രദേശത്തേക്ക് അയച്ചതെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
സുഖ്മ ജില്ലയില്‍ നേരത്തെയും നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2013ലുണ്ടായ ആക്രമണത്തില്‍ ഛത്തിസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നന്ദകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.