സിറിയയില്‍ പോരാട്ടം രൂക്ഷമായി; നിരവധി മരണം

Posted on: April 13, 2015 5:19 am | Last updated: April 12, 2015 at 11:21 pm

syriyaദമസ്‌കസ്: സര്‍ക്കാര്‍ സൈന്യവും വിമതരും പോരാട്ടം തുടരുന്ന സിറിയയില്‍ ഇന്നലെ ഒമ്പത് പേര്‍ കൂടി കൊല്ലപ്പെട്ടു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശത്ത് വിമതര്‍ നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് സിറിയന്‍ സര്‍ക്കാര്‍ ടി വി സംപ്രേഷണം ചെയ്തു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങളുടെയും പരുക്കേറ്റ ആളുകളുടെയും ദൃശ്യങ്ങള്‍ ടി വിയില്‍ കാണിച്ചിരുന്നു. 50 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘത്തിന്റെ വിലയിരുത്തലനുസരിച്ച് 27 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവിടെ നടന്ന ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള അലപ്പോയിലെ ഒരു മാര്‍ക്കറ്റിന് നേരെ സിറിയന്‍ സൈന്യവും ആക്രമണം നടത്തി. ഇവിടെ നടന്ന ആക്രമണത്തില്‍ പത്ത് പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് മനുഷ്യവകാശ നിരീക്ഷണ സംഘം വ്യക്തമാക്കി. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സിറിയയില്‍ അടിയന്തരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു എന്‍ ഏജന്‍സി രംഗത്തെത്തിയ സാഹചര്യത്തിലാണ് സിറിയയിലെ ആക്രമണം ശക്തമായിരിക്കുന്നത്.
അതിനിടെ ദമസ്‌കസിലെ യര്‍മൂക് ക്യാമ്പില്‍ കഴിയുന്ന 18,000ത്തോളം വരുന്ന ഫലസ്തീന്‍ അഭയാര്‍ഥികളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസില്‍ തീവ്രവാദികള്‍ ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.