സ്‌കൂള്‍ ബസിലെ സുരക്ഷ; ചൈല്‍ഡ് ചെക്ക് മേറ്റ് സിസ്റ്റം ശ്രദ്ധേയമാകുന്നു

Posted on: April 12, 2015 5:45 pm | Last updated: April 12, 2015 at 5:45 pm

Screenshot_2015-03-30-22-26-28-1അബുദാബി: സ്‌കൂള്‍ ബസില്‍ കുട്ടികളുടെ സുരക്ഷ ശക്തമാക്കുന്നതിന് വേണ്ടി ഡ്രൈവര്‍മാരുടെ ശ്രദ്ധ ബസിനകത്ത് കൂടുതല്‍ പതിയുവാന്‍ കനേഡിയന്‍ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത ചൈല്‍ഡ് ചെക്ക്‌മേറ്റ് സിസ്റ്റം ശ്രദ്ധേയമാകുന്നു.
അബുദാബിയിലെ സ്‌കൂള്‍ ബസില്‍ മാസങ്ങള്‍ക്കു മുമ്പ് മലയാളി വിദ്യാര്‍ഥിനി ശ്വാസം മുട്ടിമരിച്ച സംഭവം വ്യാപകമായ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇതാണ് പുതിയ സംവിധാനം കണ്ടെത്താന്‍ കാരണമായത്. ബസ് ജിവനക്കാരുടെ അശ്രദ്ധ കാരണമുണ്ടായ ദാരുണ സംഭവം ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ സ്‌കൂള്‍ ബസുകളില്‍ പ്രത്യേകം സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്തതാണ് ചൈല്‍ഡ് ചെക്ക് മേറ്റ് സിസ്റ്റം.
ഡ്രൈവര്‍ ബസ് സ്റ്റാര്‍ട്ട് ചെയ്ത് 13 സെക്കന്റിനുള്ളില്‍ ഈ യന്ത്രം പ്രവര്‍ത്തനമാരംഭിക്കും. കുട്ടികളെ സ്‌കൂളിലിറക്കി ബസിന്റെ എഞ്ചിന്‍ ഓഫ് ചെയ്യുമ്പോള്‍ ബസിന്റെ അകത്ത് പിറകിലായി സ്ഥാപിച്ച സിസ്റ്റം അലാം മുഴങ്ങിക്കൊണ്ടിരിക്കും. ഡ്രൈവര്‍ ബസിന്റെ പിറകിലെത്തി യന്ത്രത്തിന്റെ സ്വിച്ച് ഓഫ് ചെയ്യുന്നത് വരെ തുടരും.
കനേഡിയന്‍ സാങ്കേതിക വിദ്യയിലാണ് ചൈല്‍ഡ് ചെക്ക് മേറ്റ് സിസ്റ്റം വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലം കുട്ടികള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്നും ഒരു പരിധിവരെ ഉപകാരപ്രഥമാകുന്നതാണ് ഈ സാങ്കേതിക വിദ്യയെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഈ യന്ത്രം ഓഫ് ചെയ്യാനായി ബസിന്റെ പിറകിലെത്തുന്ന ഡ്രൈവര്‍ക്ക് ബസില്‍ കുട്ടികളില്ലെന്ന് ഉറപ്പുവരുത്തുവാന്‍ കഴിയും.
വളരെ ചെലവ് കുറഞ്ഞ രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. അബുദാബിയിലെ അല്‍ നജാ സ്വകാര്യ സ്‌കളിലാണ് ആദ്യമായി ഈ സംവിധാനം ബസുകളില്‍ പരീക്ഷിച്ചത്.
മാതാപിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ഏറെ ആശ്വാസകരമാകുന്നതാണ് പുതിയ ഈ സംവിധാനം.