കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമുള്ള മരണങ്ങള്‍ പെരുകുന്നു

Posted on: April 12, 2015 12:20 pm | Last updated: April 12, 2015 at 12:20 pm

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമുള്ള മരണങ്ങള്‍ പെരുകുന്നു. ഡോക്ടര്‍മാരുടെ നിരുത്തരവാദിത്വം കാരണം ഒരുമാസത്തിനിടയില്‍ ഈ ആശുപത്രിയില്‍ മരണപ്പെട്ടത് മൂന്നുയുവതികളാണ്.
മരണപ്പെട്ടവരില്‍ രണ്ടുപേര്‍ പ്രസവത്തിനിടെ മതിയായ ചികില്‍സ ലഭിക്കാത്തവരാണ്. ജനറല്‍ ആശുപത്രിയില്‍ അനസ്തിസ്റ്റ് ഇല്ലാത്തതിനാല്‍ സിസേറിയന്‍ മുടങ്ങിയതുകാരണം കഴിഞ്ഞ ദിവസംഗര്‍ഭസ്ഥശിശു മരണപ്പെട്ട സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ശുചീകരണവിഭാഗം തൊഴിലാളി കിഷോറിന്റെ ഭാര്യ രമ്യയുടെ പെണ്‍കുഞ്ഞാണ് പ്രസവത്തിന് മുമ്പേ മരണപ്പെട്ടത്. മാതാവ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതിക്ക് സിസേറിയന്‍ വേണ്ടിവരുമെന്ന് അറിയാമായിരുന്നിട്ടും അനസ്തിസ്റ്റിന്റെ അഭാവം മനസ്സിലാക്കി പ്രസവ വേദന വരുന്നതിന് മുമ്പെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റാനുള്ള ജാഗ്രത ഡ്യൂട്ടി ഡോക്ടര്‍ കാണിച്ചില്ല. യുവതിക്ക് പ്രസവവേദന വന്നപ്പോഴാണ് മംഗലാപുരത്തേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. മംഗലാപുരം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഞ്ഞ് മരണപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ ബന്ധുവായ യുവതിയും ഡോക്ടറുടെ അനാസ്ഥ കാരണം മരണപ്പെട്ടിരുന്നു. രണ്ടാഴ്ച മുമ്പും ജനറല്‍ ആശുപത്രിയില്‍ ഡോക്ടറുടെ അനാസ്ഥയെ തുടര്‍ന്ന് പ്രസവത്തിനിടെ യുവതി മരിച്ചിരുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ജനറല്‍ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യവിഭാഗം അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.അനസ്തിസ്റ്റ് അടക്കമുള്ള ഡോക്ടര്‍മാര്‍ ദീര്‍ഘകാല അവധിയില്‍പ്രവേശിക്കുന്നത് ജനറല്‍ ആശുപത്രിയില്‍ പതിവാണ്. എന്നാല്‍ പകരം ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടിയൊന്നും ഉണ്ടാകുന്നില്ല.
അത്യാസന്ന നിലയിലുള്ള രോഗികളെ കയറ്റിക്കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായി ഇവിടെ അപകടം വരുത്തിവെക്കുന്നതും പതിവാണ്.