Connect with us

National

റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വ്യോമസേനക്ക് ആശ്വാസം പകരും: പ്രതിരോധ മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം ഇന്ത്യന്‍ വ്യോമസേനക്ക് ആശ്വാസമാകുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. യുദ്ധ വിമാനങ്ങള്‍ രണ്ടു വര്‍ഷത്തിനകം സേനയുടെ ഭാഗമാകും. വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം മഹത്തരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിലൂടെ ഇന്ത്യന്‍ വ്യോമസേനക്ക് ജീവവായുവാണ് ലഭിക്കാന്‍ പോകുന്നത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഇന്ത്യ പുതിയ തലമുറയില്‍ പെട്ട വിമാനങ്ങളൊന്നും വാങ്ങിയിട്ടില്ല. വിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദേശങ്ങള്‍ കുറെ വര്‍ഷങ്ങളായി തടസ്സങ്ങളില്‍ തട്ടി ഇഴഞ്ഞ് നീങ്ങുകയായിരുന്നു. 2000 മുതലാണ് വിമാനങ്ങള്‍ വാങ്ങാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. നിരവധി കെട്ടുപാടുകള്‍ ഉണ്ടായിരുന്നതിനാല്‍ അത് നീണ്ടുപോയി. ഒടുവില്‍ മഞ്ഞുരുക്കമുണ്ടായി. പ്രധാനമന്ത്രിയുടെ തീരുമാനത്തില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിമാനങ്ങള്‍ ഉടനെ ലഭിക്കുമെന്ന് കരുതാനാകില്ല. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് അത് രൂപകല്‍പ്പന ചെയ്യേണ്ടതുണ്ട്. മാത്രമല്ല, വിലയുടെ കാര്യത്തില്‍ നീക്കുപോക്കുകള്‍ ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് ആവശ്യമുണ്ട്. നിലവില്‍ പഴയ മോഡല്‍ യുദ്ധ വിമാനങ്ങളായ മിഗ് 21, മിഗ് 27, സുകോയ് 30 തുടങ്ങിയ വിമാനങ്ങളാണ് ഇന്ത്യയുടെ പക്കലുള്ളത്. നാലാം തലമുറയില്‍ പെട്ട റാഫേല്‍ വിമാനങ്ങളും ഇതോടൊപ്പം ചേര്‍ക്കപ്പെടുമെന്ന് പരീക്കര്‍ പറഞ്ഞു. മുന്‍ യു പി എ സര്‍ക്കാറിന്റെ കാലത്താണ് റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയത്. അതിന്റെ പിന്തുടര്‍ച്ചയായാണ് മോദി സര്‍ക്കാര്‍ 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാരില്‍ ഒപ്പിട്ടത്.

Latest