Connect with us

Kerala

കൈകാലുകള്‍ തളര്‍ന്നിട്ടും അക്ഷരം അതിജയിക്കാന്‍ ഷിബില്‍

Published

|

Last Updated

കോഴിക്കോട്:കൈകാലുകള്‍ക്ക് ശേഷിയില്ലെങ്കിലും കോളജിലെത്തി അക്ഷരങ്ങളോട് ജയിക്കുകയാണ് അരീക്കോട് താഴത്തങ്ങാടി മുണ്ടമ്പ്ര നസ്‌റുദ്ദീന്‍ -ജമീല ദമ്പതികളുടെ മകന്‍ ഷിബില്‍. ഫാറൂഖ് കോളജില്‍ രണ്ടാം വര്‍ഷ സോഷ്യാളജി വിദ്യാര്‍ഥിയായ ഷിബിലാണ് അംഗ വൈകല്യത്തെ അതിജീവിച്ച് ക്യാമ്പസിലെത്തി വിദ്യ നുകരുന്നത്.
ബാല്യത്തില്‍ സെറിബ്രല്‍ പള്‍സ് രോഗം ബാധിച്ചാണ് ഷിബിലിന്റെ കൈകാലുകള്‍ തളര്‍ന്നത്. ശസ്ത്രക്രിയ ചെയ്‌തെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
വീടിനകത്ത് നാല് ചുമരുകള്‍ക്കിടയില്‍ ചടഞ്ഞിരിക്കുമ്പോഴാണ് അയല്‍പക്കത്തെ കൂട്ടുകാര്‍ പള്ളിക്കൂടങ്ങളിലേക്ക് പോകുന്നത് കണ്ടത്. അങ്ങനെയാണ് തനിക്കും പഠിക്കണമെന്ന തീവ്രമായ ആഗ്രഹം ഷിബിലിനുണ്ടാകുന്നത്.
കൈകാലുകള്‍ തളര്‍ന്ന് എങ്ങനെ പള്ളിക്കൂടങ്ങളില്‍ പോയി പഠിക്കും എന്ന ആശങ്കയുണ്ടായിരുന്നു.
എന്നാല്‍ പഠന മോഹം ഉമ്മ ജമീലയോട് പറഞ്ഞപ്പോള്‍ കൂടെ നിന്നു. അരീക്കോട് താഴത്തങ്ങാടി എല്‍ പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉമ്മ ജമീലയും ഷിബിലിനൊപ്പം ഒന്നാം ക്ലാസ് മുതല്‍ നാല് വരെ ഒരു കുട്ടിയെപ്പോലെ കൂടെ വരാറുണ്ട്. വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് അവനെ എടുത്തു കൊണ്ടു പോകുന്നതും, ഭക്ഷണം കഴിപ്പിക്കുന്നതും, പുറത്ത് പോകാനും സഹായത്തിന് ഉമ്മയുണ്ടായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് മുതല്‍ ഒട്ടോറിക്ഷയിലായിരുന്നു ശിബില്‍ സ്‌കൂളിലെത്തിയത്. പ്ലസ്ടു പഠനം അനിയന്‍ ശാനിലിന്റെ കൂടെയായിരുന്നു പോയിരുന്നത്.
സ്‌കൂള്‍ പഠനത്തിന് ശേഷം കോളജില്‍ വീല്‍ ചെയറില്‍ സഞ്ചരിക്കാനും, കൂടെ സഹായിക്കാനും ക്യാമ്പസ് മുറ്റത്ത് നല്ല കൂട്ടുകാരും ഷിബിലിനുണ്ട്. ക്ലാസിലെത്തുന്നതും ഉച്ചക്ക് ഭക്ഷണത്തിന് പോകുന്നതും വൈകുന്നേരങ്ങളില്‍ ലൈബ്രറിയില്‍ പോകുന്നതുമെല്ലാം ഇവരുടെ സഹായത്താലാണ്. കോളജിലെ വിദ്യാര്‍ഥികളുടെ സഹായത്താല്‍ വീട്ടിലേക്ക് പോകാന്‍ മുച്ചക്ര വാഹനവും കോളജിലെ കൂട്ടുകാര്‍ വാങ്ങിക്കൊടുത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് പോയി യു പി എസ് സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ പേര് വന്ന് ഇന്റര്‍വ്യുവിന് കാത്തിരിക്കുകയാണ് ഷിബില്‍. ഫോട്ടോ ഷോപ്പും ടൈപ്പിംഗുമെല്ലാം സ്വന്തമായി പഠിച്ചു. ചെസ് മത്സരത്തില്‍ നിരവധി തവണ സമ്മാനം നേടിയിട്ടുണ്ട്. എസ് എസ് എല്‍ സിക്കും, പ്ലസ്ടുവിനും ഉയര്‍ന്ന മാര്‍ക്ക് നേടിയ ഷിബില്‍ കഴിഞ്ഞ വര്‍ഷത്തെ കോളജിലെ ബെസ്റ്റ് സ്റ്റുഡന്‍സിനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്. ശരീരം തളര്‍ന്നാലും മനസ്സിനെ തളര്‍ത്താതിരുന്നാല്‍ ഏത് പ്രതിസന്ധിയെയും നേരിടാന്‍ കഴിയുമെന്ന് ഷിബില്‍ പറയുന്നു. അംഗവൈകല്യമുള്ളവരെ കൈപിടിച്ചുയര്‍ത്തണമെന്നാണ് ഷിബിലിന്റെ മോഹം.