‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് എയര്‍ബസിന്റെ പിന്തുണ

Posted on: April 12, 2015 5:01 am | Last updated: April 12, 2015 at 12:02 am

ടുലോസ് (ഫ്രാന്‍സ്): കേന്ദ്ര സര്‍ക്കാറിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് പിന്തുണയുമായി പ്രമുഖ വിമാന നിര്‍മാതാക്കളായ എയര്‍ ബസ്. ഇന്ത്യയില്‍ നിര്‍മാണം നടത്തുന്നതിന് തയ്യാറാണെന്ന് എയര്‍ ബസ് സി ഇ ഒ ടോം എന്‍ഡേഴ്‌സ് അറിയിച്ചു. നാല് ദിവസത്തെ സന്ദര്‍ശനത്തിന് ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടൂലോസിലെ എയര്‍ബസ് നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് കമ്പനി തങ്ങളുടെ താത്പര്യം അറിയിച്ചത്. എയര്‍ ബസ് കേന്ദ്രം സന്ദര്‍ശിച്ച മോദി, വിമാനങ്ങളുടെ നിര്‍മാണ രീതികള്‍ നിരീക്ഷിച്ചു.
എയര്‍ബസ് ഗ്രൂപ്പിന്റെ രണ്ട് എന്‍ജിനീയറിംഗ് സെന്ററുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിവില്‍ വ്യോമയാന മേഖലയിലും പ്രതിരോധ മേഖലയിലുമായാണ് എയര്‍ബസ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം. ഇത് കൂടാതെ വിദഗ്ധരായ നാനൂറിലധികം തൊഴിലാളികള്‍ ഉള്‍പ്പെടുന്ന റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജി സെന്ററും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൈനിക ഗതാഗത മേഖലക്കാവശ്യമായ അടിസ്ഥാനസൗകര്യം, ഹെലിക്കോപ്റ്ററുകള്‍ എന്നീ മേഖലകളിലാണ് കമ്പനി താത്പര്യം പ്രകടിപ്പിച്ചത്.