Connect with us

Malappuram

കളര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍

Published

|

Last Updated

മലപ്പുറം: തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിന്റെയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന്റെയും ഭാഗമായി വോട്ടര്‍മാരുടെ കളര്‍ ഫോട്ടോ പതിച്ച പുതിയ പ്ലാസ്റ്റിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജൂലൈ മാസത്തോടെ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു.
തിരിച്ചറിയല്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും കളര്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയുള്ള സംവിധാനം ഈമാസം 15ന് നിര്‍ത്തലാക്കും.
പകരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി എല്‍ ഒ) ഏപ്രില്‍ 30നകം വോട്ടര്‍മാരുടെ വീടുകളിലെത്തി നിലവിലുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും രണ്ട് കളര്‍ ഫോട്ടോകളും വാങ്ങുകയും ഫോ പൂരിപ്പിച്ച് കൈപ്പറ്റുകയും ചെയ്യുമെന്ന് കലക്ടറേറ്റില്‍ വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കലക്ടര്‍ പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും അധിക വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള സൗകര്യവും ഇതോടൊപ്പമുണ്ടാകും.
ഇതിനുള്ള രേഖകളും വോട്ടര്‍മാര്‍ ബി എല്‍ ഒമാര്‍ക്ക് നല്‍കണം. ആധാര്‍ കാര്‍ഡ് ഇല്ലാത്തവരും ഫോം പൂരിപ്പിച്ച് നല്‍കുകയും ഫോട്ടോകള്‍ നല്‍കുകയും ചെയ്യണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ശേഖരിക്കുന്ന രേഖകളും ഫോട്ടോകളും താലൂക്ക് ഓഫീസുകളില്‍ നിന്നാണ് കമ്മീഷന്റെ വെബ്‌സൈറ്റിലേക്ക് നല്‍കുക. പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ബി എല്‍ ഒമാര്‍ നേരിട്ട് വീടുകളിലെത്തിക്കും. ഈ സമയത്ത് പഴയ തിരിച്ചറിയല്‍ കാര്‍ഡ് ബി എല്‍ ഒക്ക് കൈമാറണം.
ജില്ലയിലെ 28,45,181 വോട്ടര്‍മാരില്‍ 39,184 പേര്‍ (1.38 ശതമാനം) മാത്രമാണ് ഓണ്‍ലൈനായി ഇതിനകം ഫോട്ടോകള്‍ നല്‍കിയതെന്ന് കലക്ടര്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എല്ലാവര്‍ക്കും പുതിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയാണ് ലക്ഷ്യം.