ഏറ്റുമുട്ടല്‍ കൊല: അന്വേഷണം ത്വരിതഗതിയിലാക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

Posted on: April 11, 2015 3:47 am | Last updated: April 10, 2015 at 11:49 pm

chandrababu nayiduഹൈദരാബാദ്: ചിറ്റൂര്‍ വനത്തില്‍ 20 തമിഴ്‌നാട്ടുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ത്വരിതഗതിയിലാക്കുമെന്ന് ആന്ധ്രാ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബുനായിഡു തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് ഉറപ്പ് നല്‍കി. സംഭവത്തില്‍ ആശങ്ക അറിയിച്ച് പനീര്‍ശെല്‍വം ആന്ധ്രാപ്രദേശ് സര്‍ക്കാറിന് കത്തയച്ചിരുന്നു. സംഭവത്തെ കുറിച്ച് മജിസ്‌ട്രേറ്റ് ത അന്വേഷണത്തിന് ആന്ധ്രാ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. താമസം കൂടാതെ അന്വേഷണം നടത്തുമെന്നും കൂടുതല്‍ നടപടികളുമായി മുന്നോട്ട്‌പോകുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
സംഭവത്തില്‍ മനുഷ്യാവകാശ ലംഘനമുണ്ടായെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആന്ധ്രാ സര്‍ക്കാറിന് നോട്ടീസയച്ചിരുന്നു. അതേസമയം അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ആന്ധ്രാസര്‍ക്കാറിനെ കുറ്റപ്പെടുത്തുകയാണെന്ന് ആന്ധ്രാ പ്രദേശ് വനം മന്ത്രി ബി ഡോപാല കൃഷ്ണ റെഡ്ഡി ആരോപിച്ചു.അവര്‍ക്ക് വേണ്ടത് രാഷ്ട്രീയപരമായുള്ള മൈലേജാണ്. കൊല്ലപ്പെട്ടവര്‍ തൊഴിലാളികളല്ല. അവര്‍ ചന്ദനക്കൊള്ളക്കാരാണെന്ന് റെഡ്ഡി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതേസമയം ചിറ്റൂരില്‍ എം ഡി എം കെ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.