Connect with us

Kerala

അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊട്ടാരക്കര: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി മോഷണം നടത്തിവന്ന നാലംഗ സംഘത്തെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല വെട്ടൂര്‍ പണയില്‍ വീട്ടില്‍ അബുത്താലിബ്(26), വെട്ടൂര്‍ വയലില്‍ വീട്ടില്‍ സാലിഖ്(26), വെട്ടൂര്‍ റാത്തിക്കല്‍ എരക്കുവിള വീട്ടില്‍ ഷമീര്‍(27), വെട്ടൂര്‍ കാട്ടില്‍ വീട്ടില്‍ ഇബ്‌റാഹിം(22) എന്നിവരാണ് പിടിയിലായത്. ഇവരെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഈ മൂന്ന് ജില്ലകളിലായി നടത്തിയ പത്ത് കേസുകള്‍ ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. നാലംഗ സംഘം വാടകക്ക് കാറെടുത്ത് ചുറ്റിക്കറങ്ങി ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തുകയാണ് പതിവെന്നും രാത്രി വൈകിയിട്ടും പുറത്ത് ലൈറ്റ് ഇട്ടിട്ടിള്ള വീടുകള്‍, ഗേറ്റ് പുറത്ത് നിന്നും പൂട്ടുന്ന വീടുകള്‍ തുടങ്ങിയവയാണ് ഇവര്‍ മോഷണത്തിനായി തിരഞ്ഞെടുക്കാറുള്ളതെന്നും പോലീസ് പറഞ്ഞു.
കാറില്‍ എത്തുന്ന നാല് പേരില്‍ രണ്ട് പേര്‍ മാത്രമാണ് മോഷണത്തിനിറങ്ങുക. മോഷണം കഴിഞ്ഞ് സാധനങ്ങളുമായി പുറത്തെത്തുമ്പോള്‍ കാര്‍ തിരികെ എത്തി ഇവരെ കൊണ്ടുപോകും. പണവും സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് സാധാരണയായി ഇവര്‍ മോഷ്ടിക്കാറുള്ളതെന്നും പോലീസ് പറഞ്ഞു.
ഷമീറും ഇബ്‌റാഹീമും വിദേശത്തു നിന്നും അടുത്തിടെ നാട്ടിലെത്തി സംഘത്തില്‍ ചേര്‍ന്നതാണ്. അബുത്താലിബിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് സാലിഖ്. ഇരുപതിലധികം കേസുകളില്‍ പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണിവരെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നും ഇറങ്ങിയവരാണ് ഇവരെന്നും പോലീസ് പറഞ്ഞു.