Connect with us

Wayanad

ചീയമ്പത്തെ പനിബാധിതര്‍ വീണ്ടും ആശുപത്രിയിലേക്ക്

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ചീയമ്പം കാപ്പികോളനിയിലെ കുരങ്ങുപനി ബാധിതരുടെ ജീവിതം ദുസഹമായി. രോഗം ഭേദമായി എന്ന ധാരണയില്‍ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്ത ആദിവാസികള്‍ക്ക് വീണ്ടും രോഗം ബാധിച്ച് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോകേണ്ടിവരുന്നതാണ് കോളനിയിലെ ആദിവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകാനുള്ള കാരണം. കഴിഞ്ഞ ജനുവരി മാസം മുതല്‍ കണ്ടെത്തിയ രോഗത്തിന്റെ പേരില്‍ ചീയമ്പം കോളനിയില്‍ നാലാം തവണയും ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്ന ആദിവാസികള്‍ പലരുമുണ്ട് കോളനിയില്‍. കടുത്ത പനിയും ശരീരവേദനയും ദേഹത്ത് മുറിവിന്റെ പാടുകളുമായി പലതവണ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയവരാണ് കോളനിയിലെ കുരങ്ങുപനിബാധിതരില്‍ പലരും. രോഗം വിലയിരുത്താനും കണ്ടെത്താനുമായിട്ടാണ് ആദ്യം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ലാബിലേക്ക് അയച്ച് റിസള്‍ട്ട് വരുന്നതുവരെ രോഗി ആശുപത്രിയില്‍ പ്രത്യേക ചികിത്സകളൊന്നുമില്ലാതെ രോഗവും വേദനയും സഹിച്ച് കഴിഞ്ഞുകൂടും. പനികുറയാനും വേദന ഇല്ലാതാക്കാനുമുള്ള മരുന്നാണപ്പോള്‍ നല്‍കുക. ലാബില്‍നിന്നും റിസള്‍ട്ട് വന്ന് രോഗം സ്ഥിരീകരിച്ചാലും ചികിത്സ അപ്പോള്‍ കാണുന്ന രോഗത്തിന് മാത്രമാണ്. കുരങ്ങുപനിക്കായി പ്രത്യേക മരുന്നുകളോ ചികിത്സകളോ ഇല്ല എന്നതാണ് രോഗം കുരങ്ങുപനിയാണെന്ന് സ്ഥിരീകരിച്ചാലും അപ്പോഴുള്ള രോഗത്തിന് മാത്രം ചികിത്സ നല്‍കാനുള്ള കാരണം. രോഗബാധിതരെ പലതവണ ആശുപത്രിയില്‍ ചികിത്സിക്കേണ്ടിവരുന്നതിന്റെ കാരണവും അതുതന്നെയാണ്. അതാണ് രോഗികളെ ഏറെ ദുരിതത്തിലാക്കുന്നതും. അപ്പോഴൊക്കെ രോഗത്തിന് ചികിത്സ ഏകദേശം 10 ദിവസത്തോളം വരും. അതുകഴിഞ്ഞ് രോഗം ഭേദമായി എന്ന ധാരണയില്‍ രോഗികള്‍ മടങ്ങിപോകും. എന്നാല്‍ വീട്ടിലെത്തി ഒരാഴ്ചക്കുള്ളില്‍ അതായത് നേരത്തെ ചെയ്ത ചികിത്സയുടേയും കഴിച്ച മരുന്നുകളുടേയും ഫലം ഇല്ലാതാകുന്നതോടെ വീണ്ടും രോഗം പ്രത്യക്ഷപ്പെടും. പിന്നെ വീണ്ടും ആശുപത്രിയിലെത്തി ചികിത്സിക്കണം. അപ്പോഴും ചികിത്സ ലഭിക്കുന്നത് അപ്പോള്‍ കാണുന്ന രോഗത്തിന് മാത്രമാണ്. ഇത്തരത്തില്‍ പല തവണ ആശുപത്രിയില്‍ അഡ്മിറ്റാകുകയും ചികിത്സ തേടുകയും ചെയ്യേണ്ടിവരുകയാണ് രോഗബാധിതര്‍ക്ക്. അതാണ് ആദിവാസികളുടെ ജീവിതം ദുരിതപൂര്‍ണമാകുന്നത്. 200 ഓളം വീടുകളുള്ള ചീയമ്പം കോപ്പികോളനിയില്‍ പകുതിയിലധികം പേരും ഇപ്പോള്‍ വിവിധ രോഗങ്ങളുടെ പിടിയിലാണ്. അത് കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ സാധാരണ ജീവിതരീതി തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.