ഗ്രീന്‍പീസിന് മൂക്കുകയര്‍

Posted on: April 11, 2015 5:36 am | Last updated: April 10, 2015 at 8:51 pm

നരേന്ദ്ര മോദി സര്‍ക്കാറിന്റെ കോര്‍പറേറ്റ് സേവ കൂടുതല്‍ വ്യക്തമാക്കുന്നതാണ് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടി. മാര്‍ച്ച് 23ന് മാതൃസംഘടനയായ ഗ്രീന്‍പീസ് ഇന്റര്‍നാഷനല്‍ നല്‍കിയ ഒന്നരക്കോടി രൂപ ആഭ്യന്തര വകുപ്പ് മന്ത്രാലയം തടഞ്ഞുവെച്ചിട്ടുമുണ്ട്. ഗ്രീന്‍പീസുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതി അപ്രസക്തമെന്ന് വിലയിരുത്തിയ അതേ ന്യായവാദങ്ങളാണ് പുതിയ നടപടികള്‍ക്കുള്ള ന്യായീകരണമായി സര്‍ക്കാര്‍ ഉന്നയിച്ചതെന്നതാണ് കൗതുകകരം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുകയും വിദേശഫണ്ട് കൈപ്പറ്റി രാജ്യത്തിന് എതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് നേരത്തെ ഗ്രീന്‍പീസ് പ്രവര്‍ത്തകയും മലയാളിയുമായ പ്രിയാ പിള്ളയുടെ യാത്രക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് കോടതി സ്റ്റേ ചെയ്യുകയുണ്ടായി. വികസന നയങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാനും അത് അവതരിപ്പിക്കാനും വിദേശയാത്ര നടത്താനുമുള്ള അവകാശം പ്രിയക്കുണ്ടെന്നു പ്രസ്തുത വിധിയില്‍ ജസ്റ്റിസ് രാജീവ് ശക്ധര്‍ സര്‍ക്കാറിനെ ഉണര്‍ത്തത്തിയതാണ്.
മധ്യപ്രദേശിലെ മഹാനില്‍ നടത്തിവരുന്ന കല്‍ക്കരി ഖനനത്തിനെതിരെ പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കി വരികയാണ് പ്രിയാ പിള്ള. ലണ്ടന്‍ ആസ്ഥാനമായ എസ്സാര്‍ കമ്പനിയാണ് ഇവിടെ ഖനനം നടത്തുന്നത്. ഇത് ആദിവാസി വിഭാഗങ്ങളുടെ ഉപജീവനത്തിനും സൈ്വര ജീവിതത്തിനും ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ബ്രിട്ടീഷ് എം പിമാര്‍ ഉള്‍പ്പെടെയുള്ളവരെ ധരിപ്പിക്കാനാണ് അവര്‍ ലണ്ടനിലേക്കു പോകാന്‍ തീരുമാനിച്ചത്. അതാണ് സര്‍ക്കാറിനെ ചൊടിപ്പിച്ചതും. അതിനിടെ ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചു സംഘടനയുടെ 1.87 കോടി രൂപയുടെ ബേങ്ക് അക്കൗണ്ട് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഈ തീരുമാനവും ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. എല്ലാ സര്‍ക്കാറേതര സംഘടനകള്‍ക്കും (എന്‍ ജി ഒ) തങ്ങളുടെതായ കാഴ്ചപ്പാടുകളുണ്ടാകുമെന്നും അവ സര്‍ക്കാറിന്റെ കാഴ്ചപ്പാടുമായി ഒത്തുപോകാത്തതുകൊണ്ട് മാത്രം ദേശ വിരുദ്ധമാണെന്ന് അര്‍ഥമില്ലെന്നും വ്യക്തമാക്കിയായിരുന്നു കോടതിയുടെ മേല്‍ ഉത്തരവ്. ഗ്രീന്‍പീസിന്റെ ആംസ്റ്റര്‍ഡാമിലെ ആസ്ഥാനത്ത് നിന്ന് ഇന്ത്യന്‍ ഓഫീസിലേക്ക് അയച്ച തുക പിടിച്ചുവെക്കാനുള്ള ഒരു തെളിവും സര്‍ക്കാറിന്റെ പക്കല്‍ ഇല്ലെന്നും കോടതി അന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.
പരിസ്ഥിക്ക് ആഘാതങ്ങള്‍ വരുത്തുകയും ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതികള്‍ക്കെതിരെ ജനപക്ഷത്ത് നിന്ന് പോരാടുന്നുവെന്നാണ് ഇത്തരം സംഘനടക്കെതിരെ സര്‍ക്കാര്‍ തിരിയാനുള്ള യഥാര്‍ഥ കാരണം. ശുദ്ധവായുവിനും വെള്ളത്തിനും വിഷമുക്ത ഭക്ഷണത്തിനുമായി പരിസ്ഥിതി സംഘടനകള്‍ നടത്തുന്ന പോരാട്ടങ്ങള്‍ കോര്‍പറേറ്റുകളെ അലോസരപ്പെടുത്തുന്നുണ്ട്. പരിസ്ഥിതിയെ അവഗണിച്ചു യഥേഷ്ടം പദ്ധതികള്‍ നടപ്പാക്കുന്നതിന് അംബാനി, ടാറ്റ തുടങ്ങി കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് മുഖ്യ തടസ്സം ഗ്രീന്‍പീസ് പോലെയുള്ള സംഘനടകളുടെ പ്രവര്‍ത്തനങ്ങളാണ്. തിരശ്ശീലക്കു പിന്നില്‍ എന്‍ ഡി എ സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ മുതലാളിത്വമാണല്ലോ. അവരുടെ താത്പര്യമാണ് പരിസ്ഥിതി സംഘടനകള്‍ക്ക് മൂക്കുകയറിടുന്നതിലൂടെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.
പരിസ്ഥിതിയെ, പിടിച്ചുലക്കിയും പദ്ധതി പ്രദേശത്തെ ജനങ്ങളെ വഴിയാധാരമാക്കിയുമാണ് കോര്‍പറേറ്റ് മുതലാളിമാര്‍ വന്‍കിടപദ്ധതികള്‍ നടപ്പിലാക്കുന്നത്. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും നിര്‍ദേശിക്കപ്പെട്ട പാരിസ്ഥിതിക വിധിവിലക്കുകളെ ലംഘിച്ചാണ് ഇവരുടെ വികസനങ്ങള്‍ മുന്നേറുന്നത്. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ മുതലാളിമാര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുമ്പോള്‍ ഇതിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരെയും സ്വത്തുക്കള്‍ അന്യാധീനെപ്പടുന്നവരെയും പെരുവഴിയിലേക്ക് ഇറക്കിവിടുന്നവരെയും സംരക്ഷിക്കാന്‍ ഭരണകൂടം താത്പര്യമെടുക്കുന്നില്ല. ഇരകള്‍ക്ക് വേണ്ടി വാദിക്കാന്‍ രംഗത്തുള്ളത് പാരിസ്ഥിതിക, മനുഷ്യാവകാശ സംഘനടകളാണ്. ഈ സംഘടകള്‍ വികസനവിരുദ്ധരും ദേശവിരുദ്ധരുമാണെന്ന വാദം ഉയര്‍ന്നുവരുന്നത് ഇവിടെയാണ്. വികസനത്തെയല്ല, അതിന്റെ പേരിലുള്ള പ്രകൃതി ചൂഷണത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയുമാണ് അവര്‍ ചോദ്യം ചെയ്യുന്നത്. ഭരണ കൂടത്തിന്റെ സഹായത്തോടെ ഇവയെ നിരോധിക്കുകയോ നിശ്ശബ്ദമാക്കുകയോ ചെയ്താല്‍ പിന്നെ കുത്തകകള്‍ക്ക് ആരെയും ഭയപ്പെടേണ്ടതില്ലല്ലോ.
പൊതുസമൂഹത്തിന്റെ ഗുണമാകണം വികസനത്തിന്റെ ലക്ഷ്യം. ഭൂരിപക്ഷത്തെ വഴിയാധാരമാക്കി സമ്പന്ന ന്യൂനപക്ഷത്തിനു മാത്രം ഗുണകരമാകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വികസനമല്ല. അതാണ് യഥാര്‍ഥത്തില്‍ ദേശവിരുദ്ധവും ജനവിരുദ്ധവും. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ഗ്രീന്‍പീസ്. നേരത്തെ വന്ന രണ്ട് വിധികളിലും ജനപക്ഷം മാനിച്ച കോടതിയില്‍ പ്രതീക്ഷയര്‍പ്പിക്കുക#േ#േയാണ് ഇത്തവണയും സംഘടനയും ജനങ്ങളും.