യമനില്‍ നിന്ന് നാട്ടിലെത്തിച്ച പിഞ്ചുകുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി

Posted on: April 10, 2015 3:13 pm | Last updated: April 11, 2015 at 12:05 am

parvathy-6-days-babyകൊച്ചി: യുദ്ധം രൂക്ഷമായ യമനില്‍ നിന്ന് നാട്ടിലെത്തിച്ച ആറ് ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നിയോനേറ്റല്‍ ഐസിയുവിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ അമ്മ രാജിയേയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് നെടുമ്പാശേരിയില്‍ ഇവരടക്കമുള്ള 382 പേരുമായി വിമാനമെത്തിയത്.
ഏറ്റുമുട്ടല്‍ രൂക്ഷമായ യമനില്‍ ആറ് ദിവസം മുമ്പാണ് കുഞ്ഞ് ജനിച്ചത്. ഓച്ചിറ സ്വദേശിയും അമ്രാനില്‍ നഴ്‌സുമാണ് കുഞ്ഞിന്റെ അമ്മയായ രാജി. കുട്ടിക്ക് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളുണ്ട്. യമനില്‍ രക്ഷാപ്രവര്‍ത്തനത്തിലുള്ള ദൗത്യസംഘത്തിലുള്ള മലയാളിയായ ഉഷാ നമ്പ്യാരുടെ നിരീക്ഷണത്തിലാണ് കുഞ്ഞിനെ വിമാനത്താവളത്തിലെത്തിച്ചത്. .യമനില്‍ നിന്ന് മടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും രാജി പറഞ്ഞു.