Connect with us

Wayanad

വിശ്വനാഥനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ മെമ്പര്‍ സ്ഥാനം രാജിവെക്കുമെന്ന് മൃണാളിനി

Published

|

Last Updated

കല്‍പ്പറ്റ: തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച പൂതാടി പഞ്ചായത്ത് മെമ്പര്‍ കെ കെ വിശ്വനാഥനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെങ്കില്‍ മെമ്പര്‍ സ്ഥാനം രാജിവെക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരുമെന്ന് പൂതാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഐബി മൃണാളിനി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. കെ പി സി സി പ്രസിഡന്റിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിശ്വനാഥനോട് വൈസ്പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. മറ്റു രീതിയിലുള്ള യാതൊരു വിശദീകരണവും നല്‍കാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വമോ, സംസ്ഥന നേതൃത്വമോ തയ്യാറായിട്ടില്ല.
പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിശ്വനാഥനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയക്കുകയുമാണ് ചെയ്തതെന്നും ഇവര്‍ കുറ്റപ്പെടുത്തി. 22 മെമ്പര്‍മാരുള്ള പഞ്ചായത്തില്‍ യു ഡി എഫിന് 19 മെമ്പര്‍മാരുണ്ട്. 11 പേര്‍ വനിതാ മെമ്പര്‍മാരാണ്. അഞ്ച് വനിതാ മെമ്പര്‍മാരുള്‍പ്പെടെ ഏഴോളം മെമ്പര്‍മാര്‍ തനിക്കൊപ്പമുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. കെ കെ വിശ്വനാഥന്റെ ഇടപെടലുകള്‍ കാരണം പൂതാടിയില്‍ യുഡിഎഫും കോണ്‍ഗ്രസും നാള്‍ക്കുനാള്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ജലനിധിയുടെ ഓഫീസ് പ്രശ്‌നത്തില്‍ ഉള്‍പ്പെടെ യു ഡിഎഫ് തീരുമാനം മറികടന്ന് ഏതാനും അംഗങ്ങളെ കൂട്ടുപിടിച്ച് സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ച വിശ്വനാഥന്റെ നടപടി കോണ്‍ഗ്രസ് ജില്ലാ -സംസ്ഥാന തലങ്ങളില്‍ വിമര്‍ശിക്കപ്പെട്ടതാണ്. പൂതാടി പഞ്ചായത്ത് വിഭജിച്ച് നടവയല്‍ പഞ്ചായത്ത് രൂപീകരിക്കുന്നതില്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയ വിശ്വനാഥന്‍ പൂതാടിയുടെ പൈതൃകത്തെ ഒറ്റിക്കൊടുത്തതായി ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. തനിക്കെതിരെ വ്യാജ ആരോപണങ്ങളുമായി പത്രസമ്മേളനം നടത്തിയത് സ്ത്രീസമൂഹത്തെ ആരോപിക്കുന്നതിന് തുല്ല്യമാണെന്നും ഇവര്‍ ആരോപിച്ചു. വിശ്വനാഥനെതിരെ പാര്‍ട്ടിയിലും പോലീസിലും നല്‍കിയ പരാതി ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നും മൃണാളിനി അറിയിച്ചു. മെമ്പര്‍മാരായ ജയന്തി രാജന്‍, തങ്കമ്മ ഷാജി, ദേവി വിനോദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest