Connect with us

Kozhikode

ചുരത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയത് വീടുകള്‍ക്ക് ഭീഷണി

Published

|

Last Updated

താമരശ്ശേരി: ചുരത്തില്‍ വനഭൂമിയോട് ചേര്‍ന്നുള്ള പ്രദേശം സുരക്ഷിതമില്ലാതെ മണ്ണിട്ട് ഉയര്‍ത്തിയത് താഴ്ഭാഗത്തുള്ള നിരവധി കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു. രണ്ടാം വളവിന് താഴെയാണ് ദേശീയപാതയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി ഏറെ ഉയരത്തില്‍ മണ്ണിറക്കിയത്. അനധികൃതമായി വനഭൂമിയോടു ചേര്‍ന്നുള്ള പ്രദേശം മണ്ണിട്ട് നികത്തുന്നതിനെതിരെ വനംവകുപ്പിനും റവന്യൂ വകുപ്പിനും പരാതി നല്‍കിയിട്ട് ഒരുമാസം പിന്നിട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
മണ്ണ് തടഞ്ഞ് നിര്‍ത്താന്‍ സംരക്ഷണഭിത്തിക്ക് പകരം കമുകിന്‍ തടിയുടെ ഭാഗങ്ങളും മരെക്കമ്പുകളും ഉപയോഗിച്ചാണ് വേലി കെട്ടിയിരിക്കുന്നത്. ചെറിയ മഴ പെയ്താല്‍പോലും ചുരത്തില്‍ നിന്നുള്ള മലവെള്ളപ്പാച്ചിലില്‍ അടിവാരം ടൗണ്‍ വെള്ളത്തില്‍ മുങ്ങാറുണ്ട്. മഴക്കാലമായാല്‍ മണ്ണിടിച്ചിലും ചുരത്തില്‍ നിത്യ സംഭവമാണ്. യാതൊരു സുരക്ഷയുമില്ലാതെ ഉയര്‍ന്ന പ്രദേശത്ത് മണ്ണിറക്കിയത് വന്‍ ദുരത്തിന് കാരണമാകുമെന്ന ഭീതിയിലാണ് പ്രദേശ വാസികള്‍. വേനല്‍ മഴക്കിടെ ഇവിടെ നിന്നും മണ്ണും കല്ലും താഴ്ഭാഗത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ചുരത്തില്‍ വനഭൂമിയോട് ചേര്‍ന്നുള്ള പ്രദേശത്ത് കെട്ടിടം പണിയാനാണ് നീക്കം നടക്കുന്നത്. നിരവധി കുടുംബങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന മണ്‍കൂന നീക്കം ചെയ്യാന്‍ നടപടിവേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.

Latest