സ്വദേശി വനിതയുടെ കരുത്തുമായി സ്റ്റീവിന്റെ 7 പ്രിന്‍സസ്

Posted on: April 9, 2015 5:03 pm | Last updated: April 9, 2015 at 5:03 pm
photo
സെവന്‍ പ്രിന്‍സസ് ഇമേജ് എന്ന ഫോട്ടോ സീരിസില്‍ നിന്ന്‌

ദുബൈ: സ്വദേശി വനിതയുടെ കരുത്തും വ്യക്തിത്വവും പ്രകടമാകുന്ന വിഖ്യാത ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മാക്ക്യൂറിയുടെ ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക് നവ്യാനുഭവമാവുന്നു. അബായ ധരിച്ച് നില്‍ക്കുന്ന ശൈഖ അല്‍ ഖാസിമിയുടെ ചിത്രം ശ്രദ്ധ നേടുകയാണ്. ല്യൂറെ അബുദാബിയുടെ നിര്‍മാണ സ്ഥലത്ത് നില്‍ക്കുന്ന അലാമിറ നൂര്‍ ബനിഹാഷിമിന്റെ ചിത്രം, ഏറ്റവും പഴയ ഫോട്ടോഗ്രാഫര്‍ വനിതകളില്‍ ഒരാളായ ശൈഖ അല്‍ സുവൈദി ലെയ്ക്ക ക്യാമറയില്‍ പകര്‍ത്തിയ തന്റെ ചിത്രങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നത് തുടങ്ങിയവ ഒരിക്കല്‍ കണ്ടാല്‍ ഓര്‍മയില്‍ പതിഞ്ഞുപോവും. സെവന്‍ പ്രിന്‍സസ് ഇമേജ് എന്ന സീരീസില്‍ അവതരിപ്പിച്ചിരിക്കുന്ന 22 ചിത്രങ്ങളില്‍ ഉല്‍പെട്ടിരിക്കുന്നവയാണ് ഇവ. ദുബൈയിലെ എംറ്റി ക്വാര്‍ട്ടര്‍ ഗ്യാലറിയിലാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
യു എ ഇയെ ഒരു രാജ്ഞിയായും ഏഴ് എമിറേറ്റുകളെ ഏഴ് രാജകുമാരിമാരായും സങ്കല്‍പിച്ചാണ് ഈ സീരിയലിന് രൂപം നല്‍കിയിരിക്കുന്നതെന്ന് എംറ്റി ക്വാര്‍ട്ടര്‍ എം ഡി സഫ അല്‍ ഹാമിദ് പറഞ്ഞു.