Connect with us

Gulf

ദേരയില്‍ അര കിലോമീറ്റര്‍ ഉയരമുള്ള ഗോപുരം നിര്‍മിക്കും

Published

|

Last Updated

ദുബൈ: ദേരയില്‍ അര കിലോമീറ്റര്‍ ഉയരമുള്ള ഗോപുരത്തോട് കൂടിയ ഷോപ്പിംഗ് മാള്‍ നിര്‍മിക്കാന്‍ ദുബൈ നഗരസഭ ഒരുങ്ങുന്നു. മാളിന്റെ ഭാഗമായി പൂര്‍ണമായും ചില്ലു പതിച്ചാണ് അര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗോപുരം പണിയുക. ദുബൈയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായി ഗോപുരം രൂപാന്തരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ചുറ്റുമായി ടവറുകളും നിര്‍മിക്കും. ഇവയില്‍ താമസത്തിനും ഓഫീസുകള്‍ പ്രവര്‍ത്തിക്കാനുമാവും സൗകര്യം ഒരുക്കുക. ഇവയില്‍ മൊത്തത്തില്‍ നാലു റെസിഡെന്‍ഷ്യല്‍ കോംപ്ലക്‌സുകളാണ് നിര്‍മിക്കുക. 2,500 അപാര്‍ട്ട്‌മെന്റുകള്‍, ജോഗിങ്ങിനായുള്ള പാത, ഹോട്ടലുകള്‍, മുന്‍നിര റിസോര്‍ട്ടുകള്‍, വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങള്‍, റെസ്റ്റോറന്റ്, കഫെ, കുട്ടികള്‍ക്കായുള്ള പൂന്തോട്ടം എന്നിവയും ഒരുക്കും. ഇവിടെ നിന്നും അറേബ്യന്‍ ഗള്‍ഫിനെ തൊട്ടരുകിലെന്ന വണ്ണം കാണാനാവും. മൂന്നു വര്‍ഷത്തിനകം നടപ്പാക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന 1,400 കോടി ദിര്‍ഹത്തിന്റെ പദ്ധതികള്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പരിശോധിച്ചു. നഖീലിന്റെ പദ്ധതികളാണ് ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ദുബൈ റൂളേഴ്‌സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്‌റാഹീം അല്‍ ശൈബാനി, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ തുടങ്ങിയവര്‍ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.

നഖീല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍മാന്‍ അലി റാശിദ് ലൂത്തയുടെ നേതൃത്വത്തില്‍ ശൈഖ് മുഹമ്മദിനെ സ്വീകരിച്ചു. നഖീല്‍ അംഗങ്ങളും ഉദ്യോഗസ്ഥരും നഖീലിന്റെ വിവിധ പദ്ധതികളുടെ ചുമതല വഹിക്കുന്ന എഞ്ചിനീയര്‍മാരും സ്വീകരിക്കാന്‍ എത്തിയവരില്‍ ഉണ്ടായിരുന്നു.
15 മിനുട്ട് ദൈര്‍ഘ്യമുള്ള വിവിധ നഖീല്‍ പദ്ധതികളെക്കുറിച്ചുള്ള വീഡിയോ ശൈഖ് മുഹമ്മദും സംഘവും വീക്ഷിച്ചു. വിവിധ പദ്ധതികളെക്കുറിച്ച് അലി റാശിദ് ലൂത്തയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ശൈഖ് മുഹമ്മദിനോട് വിശദീകരിച്ചു. 90 ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ പണിയുന്ന ദേര ബോളിവാര്‍ഡാണ് ഇവയില്‍ ഏറ്റവും പ്രധാനം. 3,000 കടകള്‍ ഉള്‍പെടുന്ന ദേര മാള്‍, ശൈഖ് സായിദ് റോഡിലെ ഇബ്‌നു ബത്തൂത്ത മാളിന്റെ വികസന പദ്ധതികളെക്കുറിച്ചും ലൂത്ത ശൈഖ് മുഹമ്മദിനോട് വിശദീകരിച്ചു. നാലു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പത്തിലുള്ള ഇന്‍ഡോര്‍ ഗാര്‍ഡന്‍, റസ്റ്റോറന്റുകള്‍ക്കുള്ള ലോബി, ഇതില്‍ നക്ഷത്ര ഹോട്ടലും സിനിമാശാലയും ഒപ്പം 4,000 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഉണ്ടാവും.
അല്‍ ഖൈല്‍ മാള്‍ പദ്ധതിയും ശൈഖ് മുഹമ്മദ് വീക്ഷിച്ചു. 12.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ഈ പദ്ധതി നടപ്പാക്കുക. ഡ്രാഗണ്‍ സിറ്റിയുടെ വികസനം തുടങ്ങിയ പദ്ധതികളും ശൈഖ് മുഹമ്മദ് വീക്ഷിച്ചു.

---- facebook comment plugin here -----