ട്രാക്കില്‍ പെട്ടയാളും രക്ഷിക്കാനിറങ്ങിയയാളും ട്രെയിന്‍ തട്ടി മരിച്ചു

Posted on: April 9, 2015 12:23 am | Last updated: April 9, 2015 at 1:24 pm

ABD copyകോഴിക്കോട്: ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്ക് മുറിച്ചു കടക്കുന്നയാളെ രക്ഷപ്പെടുത്താനുളള ശ്രമത്തിനടയില്‍ രണ്ട് പേരും ട്രെയിന്‍ തട്ടി മരിച്ചു. കടലുണ്ടി എം എല്‍ പി സ്‌കൂളിനു സമീപം പുതിയ വീട്ടില്‍ അബ്ദുര്‍റഹ്മാന്‍ (64), ബൈജു വിഹാറില്‍ രാമന്‍ (70) എന്നിവരാണ് മരിച്ചത്. കടലുണ്ടി റെയില്‍വെ സ്റ്റേഷന്റെ തെക്കു ഭാഗത്തായി കാച്ചിഗുഡ – മംഗലാപുരം 17606 നമ്പര്‍ എക്‌സപ്രസ് ട്രെയിന്‍ തട്ടിയാണ് ഇരുവരും മരിച്ചത്. ഇന്നലെ രാവിലെ 5.40 നാണ് അപകടം. കടലുണ്ടി അങ്ങാടിയിലെ പളളിയില്‍ നിന്നും സുബ്ഹി നിസ്‌കാരം കഴിഞ്ഞ് പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു അബ്ദുര്‍റഹ്മാന്‍. വണ്ടി വരുന്നതറിയാതെ ട്രാക്കില്‍ കയറിയ രാമനോട് വണ്ടി അടുത്തെത്തിയിട്ടുണ്ടെന്ന് കണ്ടു നിന്നവര്‍ വിളിച്ചു പറഞ്ഞെങ്കിലും കേള്‍വി ശക്തി കുറഞ്ഞ ഇദ്ദേഹം ശ്രദ്ധിച്ചില്ല. അപകടാവസ്ഥ തിരിച്ചറിഞ്ഞ അബ്ദുര്‍റഹ്മാന്‍ ഓടിയെത്തി അയല്‍വാസി കൂടിയായ രാമനെ തളളിമാറ്റുമ്പോഴേക്കും കാച്ചി ഗുഡ എക്‌സ്പ്രസ് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രയിലേക്കു കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫറോക്ക് സബ് ട്രഷറിയില്‍ നിന്ന് സീനിയര്‍ ഗ്രേഡ് അക്കൗണ്ടന്റായി വിരമിച്ചയാളാണ് അബ്ദുര്‍റഹ്മാന്‍. ഭാര്യ നഫീസ, മക്കള്‍ ഷമീം, ഷാഹിദ, ഷഹന, മരുമക്കള്‍: ഇസ്മാഈല്‍, റഹ്മത്ത്, ഫിദ. മൂന്ന് പതിറ്റാണ്ടു മുമ്പ് വയനാട്ടില്‍ നിന്നെത്തി അണ്ടിശ്ശേരി ഭാസ്‌കരന്റെ കൂടെ താമസമാക്കിയതാണ് രാമന്‍. പിന്നീട് കടലുണ്ടിക്കാരനായി ജീവിച്ച ഇദ്ദേഹം അവിവാഹിതനാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇരു മൃതദേഹങ്ങളും സംസ്‌കരിച്ചു.